---
title: "ജീവൻ നിലനിർത്തി ; കുഴഞ്ഞു വീണ ഓട്ടോ ഡ്രൈവർക്ക് സിപിആർ നൽകി ജീവൻ രക്ഷപ്പെടുത്തി  എംവിഐ"
english_title: "MVI saves life by providing CPR to collapsed auto driver"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307406/mvi-saves-life-by-providing-cpr-to-collapsed-auto-driver"
published_at: "2025-08-09T11:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896df88694ac_miv.jpg"
keywords: []
---

# ജീവൻ നിലനിർത്തി ; കുഴഞ്ഞു വീണ ഓട്ടോ ഡ്രൈവർക്ക് സിപിആർ നൽകി ജീവൻ രക്ഷപ്പെടുത്തി  എംവിഐ

> **Lead Summary:** ആലുവ : ആലുവ ആർടി ഓഫീസിലെത്തി കുഴഞ്ഞുവീണ ഓട്ടോഡ്രൈവർക്ക് കൃത്യസമയത്ത് സിപിആർ നൽകി ജീവൻ രക്ഷപ്പെടുത്തി എംവിഐ.

## Article Content

ആലുവ : ആലുവ ആർടി ഓഫീസിലെത്തി കുഴഞ്ഞുവീണ ഓട്ടോഡ്രൈവർക്ക് കൃത്യസമയത്ത് സിപിആർ നൽകി ജീവൻ രക്ഷപ്പെടുത്തി എംവിഐ.

ആലുവ കുന്നത്തേരി പള്ളിത്താഴം മീന്ത്രയ്ക്കൽ സ്വദേശി ഹൈദ്രോസാണ് (52) പെട്ടെന്ന് കുഴഞ്ഞുവീണത്. ഓട്ടോറിക്ഷ മുതലാളി അസീസും ഒപ്പമുണ്ടായിരുന്നു. ഹൃദയാഘാതം ആയിരിക്കുമെന്ന് മനസ്സിലാക്കിയ എംവിഐ കെ എസ് സജിൻ, സമയം പാഴാക്കാതെ 120 തവണ സിപിആർ നൽകി. ഓഫീസിലെത്തിയ മറ്റൊരാളോട് വായിലൂടെ കൃത്രിമ ശ്വാസം നൽകാനും നിർദേശിച്ചു.

ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൈദ്രോസിനെ പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്കു മാറ്റി. കൃത്യസമയത്ത് സിപിആർ നൽകിയതാണ് ഹൈദ്രോസിൻ്റെ ജീവൻ രക്ഷപ്പെടുത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

മുമ്പ് പൊലീസിൽ ജോലി ചെയ്‌തപ്പോൾ സിപിആർ പരിശീലനം ലഭിച്ചതാണ് സജിന് തുണയായത്. മെഡിക്കൽ കോളേജിൽ കഴിയുന്ന ഹൈദ്രോസ് സുഖം പ്രാപിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307406/mvi-saves-life-by-providing-cpr-to-collapsed-auto-driver)