---
title: "പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി"
english_title: "Complaint alleges that a 14-year-old boy was threatened and drugged by his grandmother's boyfriend"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307278/complaint-alleges-that-a-14-year-old-boy-was-threatened-and-drugged-by-his-grandmothers-boyfriend"
published_at: "2025-08-08T15:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895cb5b47c43_police.jpg"
keywords: []
---

# പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി

> **Lead Summary:** കൊച്ചി: പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവിൽ പോയി.

## Article Content

കൊച്ചി: പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകൻ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവിൽ പോയി.

പൊലീസിൽ പരാതിപ്പെട്ടാൽ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകൻ ഭീഷണിപ്പെടുത്തിയെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ ലഹരി ഉപയോഗം മാറ്റിയെടുത്ത ശേഷം കൗൺസലിങ് അടക്കം നടത്തുകയാണ് ഇപ്പോൾ.

ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് അമ്മൂമ്മയുടെ കാമുകൻ നിരന്തരം ലഹരിക്കടിമയാക്കിയത്. വീട്ടുജോലി ചെയ്‌ ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. ഇതിനിടെയാണ് അമ്മൂമ്മ തന്റെ സുഹൃത്ത് എന്ന പേരിൽ കാമുകനെ വീട്ടിൽ താമസിപ്പിച്ചത്. ഇയാൾ കുട്ടിക്ക് കഞ്ചാവ് കൊടുത്തുതുടങ്ങി.

തുടക്കത്തിൽ കുട്ടി ഇതിനു വഴങ്ങിയില്ലെങ്കിലും മർദ്ദിച്ചും കത്തി കഴുത്തിൽ വച്ചും തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചു എന്നു കുട്ടി പറയുന്നു. ഇയാൾ ഹഷീഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു.

ഇയാളുടെ ആൺ, പെൺ സുഹൃത്തുക്കളും ഇടയ്ക്ക് വീട്ടിൽ വരുമെന്നും എല്ലാവരും ചേർന്ന് ലഹരി ഉപയോഗിക്കുമെന്നുമാണ് കുട്ടി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു.ലഹരി കടത്താനും ആവശ്യക്കാർക്ക് എത്തിക്കാനും തന്നെ ഉപയോഗിച്ചിരുന്നു എന്നും പതിനാല് വയസ്സുകാരൻ പറയുന്നു. എതിർത്താൽ ഭീഷണിയും മർദ്ദനവുമുണ്ടാകും. സഹിക്കാവുന്ന പരിധി കടന്നപ്പോൾ സ്‌കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്തിൻ്റെ അമ്മയാണ് ഇക്കാര്യം പതിനാല് വയസ്സുകാരന്റെ അമ്മയെ അറിയിക്കുന്നത്.

വിവരം അറിഞ്ഞപ്പോൾ താൻ നിസ്സഹായയായിപ്പോയെന്ന് അമ്മ പറയുന്നു. തന്നെയും മകനേയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇയാൾ പറഞ്ഞതോടെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് അമ്മ പറയുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307278/complaint-alleges-that-a-14-year-old-boy-was-threatened-and-drugged-by-his-grandmothers-boyfriend)