---
title: "വോട്ടർപട്ടിക പുതുക്കൽ : ആഗസ്റ്റ് 9,10 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും"
english_title: "Voter list update: Local bodies will be open on August 9th and 10th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307230/voter-list-update-local-bodies-will-be-open-on-august-9th-and-10th"
published_at: "2025-08-08T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895a0e6b3ec3_vote.jpg"
keywords: []
---

# വോട്ടർപട്ടിക പുതുക്കൽ : ആഗസ്റ്റ് 9,10 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും

> **Lead Summary:** തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.

## Article Content

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.

നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോൺഗ്രസ് അടക്കം വോട്ടർ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യം ഉയർന്നിരുന്നു.

ഈ വർഷം അവസാനത്തോടെ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ www.sec.kerala.gov.in ല്‍ സിറ്റിസന്‍ റജിസ്‌ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. പ്രൊഫൈല്‍ സൃഷ്ടിച്ച ഒരാള്‍ക്ക് 10 പേരെ വരെ ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. രാഷ്ട്രീയ പ്രവര്‍ത്തകരാണ് ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത്.

ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഇവരെ ഹാജരാക്കാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കുകയും ഇവരുടെ രക്തബന്ധുക്കള്‍ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകുകയും വേണമെന്നാണു നിര്‍ദേശം. ഈ നടപടികള്‍ സുഗമമല്ലെന്നു പരാതിയുണ്ട്. ഹിയറിങ്ങിന് ഹാജരാകാന്‍ ഒരു അവസരം കൂടി നല്‍കാന്‍ ഇആര്‍ഒമാരോട് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307230/voter-list-update-local-bodies-will-be-open-on-august-9th-and-10th)