---
title: "കൂത്താട്ടുകുളം - പാലാ റോഡും തകർന്ന കല്ലുങ്കും നവീകരിക്കണം ; എൽഡിഎഫ് സൂചനാസമരം നടത്തി"
english_title: "Koothattukulam - Pala road and damaged culvert should be renovated; LDF conducts symbolic protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307207/koothattukulam-pala-road-and-damaged-culvert-should-be-renovated-ldf-conducts-symbolic-protest"
published_at: "2025-08-08T11:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689593bad76dd_ldf.jpg"
keywords: []
---

# കൂത്താട്ടുകുളം - പാലാ റോഡും തകർന്ന കല്ലുങ്കും നവീകരിക്കണം ; എൽഡിഎഫ് സൂചനാസമരം നടത്തി

> **Lead Summary:** കൂത്താട്ടുകുളം : നവീകരിച്ച പാലാ റോഡും, മംഗലത്തുതാഴം കവലയ് ക്കുസമീപമുള കലുങ്കും തകർന്ന സംഭവത്തിൽ എൽഡിഎഫ് നഗരസഭ അംഗങ്ങൾ സൂചനാസമരം നടത്തി.

## Article Content

കൂത്താട്ടുകുളം : നവീകരിച്ച പാലാ റോഡും, മംഗലത്തുതാഴം കവലയ് ക്കുസമീപമുള കലുങ്കും തകർന്ന സംഭവത്തിൽ എൽഡിഎഫ് നഗരസഭ അംഗങ്ങൾ സൂചനാസമരം നടത്തി.

നിർമാണം നടത്തിയ കോൺട്രാക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും അടിയന്തര അറ്റകുറ്റപ്പണി തുടങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഈ റോഡും കലുങ്കും നിർമിച്ച കോൺട്രാക്ടർതന്നെയാണ് അനൂപ് ജേക്കബ് എംഎൽഎയുടെ വീട് സ്ഥിതിചെയ്യുന്ന വാളിയാപ്പാടം-വെട്ടിമൂട് എംഎൽഎ റോഡും നിർമിക്കുന്നത്. ഇപ്പോഴും അവിടെ നിർമാണം നടക്കുന്നുണ്ട്. അയൽക്കാരൻകൂടിയായ കോൺട്രാക്ടറെ വിളിച്ചുവരുത്തി എംഎൽഎ അടിയന്തരനടപടിക്ക് തയ്യാറാകണം.

റോഡ് പണി നടക്കുന്നഘട്ടംമുതൽ പൊതുജനങ്ങളിൽനിന്ന് പരാതികളുയർന്നിരുന്നു. എൽഡിഎഫ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി. തകർന്ന കലുങ്ക് സ്ഥിതിചെയ്യുന്ന രാമപുരം കവലമുതലുള്ള രണ്ടു കിലോമീറ്റർ റോഡിലെ വിവിധയിടങ്ങളിൽ കാൽനടയാത്രപോലും ദുഷ്‌കരമാണ്.

റോഡിന്റെ പ്രതലം ഒലിച്ചുമാറി തിട്ടയായി രൂപാന്തരപ്പെട്ടു. വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നുണ്ട്.മൂന്നരക്കോടിയോളം രൂപയാണ് രണ്ടുഘട്ടങ്ങളിലായി നിർമിച്ച റോഡിൻ്റെയും കലുങ്കിൻ്റെയും ചെലവ്. പരാതി അറിയിക്കുന്നതിനായി സ്ഥാപിച്ച പദ്ധതി നിർവഹണം സംബന്ധിച്ച ബോർഡുകളും റോഡിൽനിന്ന് നീക്കിയിട്ടുണ്ട്.

റോഡ് നിർമാണത്തിലെ അപകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്‌തു. ഫെബീഷ് ജോർജ്, അരുൺ അശോകൻ, എ കെ ദേവദാസ്, വിജയ ശിവൻ, അംബിക രാജേന്ദ്രൻ, സുമ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307207/koothattukulam-pala-road-and-damaged-culvert-should-be-renovated-ldf-conducts-symbolic-protest)