---
title: "അൻസിലിനെ അദീന കൊലപ്പെടുത്തിയത് റെഡ്ബുളളിൽ കളനാശിനി കലർത്തി, കാനുകൾ കണ്ടെടുത്തു"
english_title: "Adeena killed Ansil by mixing herbicide in Red Bull, cans recovered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306868/adeena-killed-ansil-by-mixing-herbicide-in-red-bull-cans-recovered"
published_at: "2025-08-06T15:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68932aa1389a3_adheena.jpg"
keywords: []
---

# അൻസിലിനെ അദീന കൊലപ്പെടുത്തിയത് റെഡ്ബുളളിൽ കളനാശിനി കലർത്തി, കാനുകൾ കണ്ടെടുത്തു

> **Lead Summary:** കോതമംഗലം : കോതമംഗലത്ത് ആൺ സുഹൃത്തിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി അദീന കളനാശിനി കലർത്തി നൽകിയത് റെഡ്ബുളളിൽ. പ്രതിയുടെ വീട്ടിൽ നിന്നും റെഡ്ബുളളിൻ്റെ കാനുകൾ കണ്ടെടുത്തു. അൻസിൽ നിരന്തരമായി റെഡ്ബുൾ ഉപയോഗിക്കുന്ന ആളാണെന്ന് മനസ്സിലാക്കിയായിരുന്നു ഇത്.

## Article Content

കോതമംഗലം : കോതമംഗലത്ത് ആൺ സുഹൃത്തിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി അദീന കളനാശിനി കലർത്തി നൽകിയത് റെഡ്ബുളളിൽ. പ്രതിയുടെ വീട്ടിൽ നിന്നും റെഡ്ബുളളിൻ്റെ കാനുകൾ കണ്ടെടുത്തു. അൻസിൽ നിരന്തരമായി റെഡ്ബുൾ ഉപയോഗിക്കുന്ന ആളാണെന്ന് മനസ്സിലാക്കിയായിരുന്നു ഇത്.

വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് അദീന നിരവധി തവണ അൻസിലിൻ്റെ ഫോണിലേക്ക് വിളിച്ചു. നമ്പർ ബ്ലോക്ക് ചെയ്‌തതോടെ സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചാണ് അൻസിലിനെ വരുത്തിയത്. അൻസിൽ ലഹരി ഉപയോഗിച്ചാണ് വീട്ടിലെത്തിയത്. കൃത്യം നടത്താൻ അദീനയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

ദീർഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയിൽ കോതമംഗലം പൊലീസ് അൻസിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട അൻസിൽ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു. എന്നാൽ ഈ പണം നൽകാത്തതിനെ തുടർന്നുള്ള തർക്കത്തിലാണ് അദീന, ആൺ സുഹൃത്തായ അൻസിലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങൾക്കു മുൻപ് അദീന ആരംഭിച്ചിരുന്നു. അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച‌ പുലർച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഷം അൻസിൽ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നൽകിയ മൊഴി.

എന്നാൽ കളനാശിനി ദിവസങ്ങൾക്ക് മുൻപുതന്നെ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.ആശുപത്രിയിലേക്ക് പോകുമ്പോൾ ആംബുലൻസിൽവെച്ച് അൻസിൽ നടത്തിയ വെളിപ്പെടുത്തലും നിർണ്ണായകമായി. 'അവൾ വിഷം നൽകി, എന്നെ ചതിച്ചു'വെന്നാണ് അൻസിൽ പറഞ്ഞത്.

അബോധാവസ്ഥയിലായതോടെ അൻസിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് അറിയിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അൻസിലിൻ്റെ മൊബൈൽ വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക‌് എടുത്തുമാറ്റുകയും ചെയ്‌തിരുന്നു. അദീനയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306868/adeena-killed-ansil-by-mixing-herbicide-in-red-bull-cans-recovered)