---
title: "ബോട്ട് ഇറക്കേണ്ടി വരുമോ? പിറവം കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളം"
english_title: "Will we have to launch the boat? Water at Piravom KSRTC depot"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306856/will-we-have-to-launch-the-boat-water-at-piravom-ksrtc-depot"
published_at: "2025-08-06T14:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689320fc02a3b_boat.jpg"
keywords: []
---

# ബോട്ട് ഇറക്കേണ്ടി വരുമോ? പിറവം കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളം

> **Lead Summary:** പിറവം : മഴ കനത്താൽ പിറവത്ത് കെഎസ്ആർടിസി ഡിപ്പോയിലെത്താൻ ബോട്ട് വേണം. ഡിപ്പോയുടെ മുറ്റത്തും ഡിപ്പോയിലും വെള്ളം പൊങ്ങും.

## Article Content

പിറവം : മഴ കനത്താൽ പിറവത്ത് കെഎസ്ആർടിസി ഡിപ്പോയിലെത്താൻ ബോട്ട് വേണം. ഡിപ്പോയുടെ മുറ്റത്തും ഡിപ്പോയിലും വെള്ളം പൊങ്ങും.

ചൊവ്വാഴ്ച രാവിലെ പെയ്‌ത കനത്തമഴയിൽ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽപ്പോലും വെള്ളം കയറി. നിർമാണത്തിലെ അപാകമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പരാതിയുണ്ട്.

പിറവത്തെ നരിക്കുളം നികത്തിയ ഭാഗത്താണ് പിൽക്കാലത്ത് ഡിപ്പോ സ്ഥാപിച്ചത്. ഡിപ്പോയിരിക്കുന്ന ഭാഗം റോഡ് നിരപ്പിൽനിന്ന് താഴെയാണ്. അതിനാൽ മഴപെയ്‌താൽ ഡിപ്പോയുടെ മുറ്റത്ത് വെള്ളം പൊങ്ങും. ഡിപ്പോയുടെ പിന്നിലെ വെള്ളമൊഴുകുന്ന തോട് കവിഞ്ഞൊഴുകിയും ഡിപ്പോയിൽ വെള്ളം കയറും. ചൊവ്വാഴ്ച മണിക്കൂറുകൾ നീണ്ട മഴയിലാണ് ഡിപ്പോയിൽ വെള്ളം കയറിയത്.

ടോപ്ലെറ്റുകൾപോലും വെള്ളത്തിലായത് വലിയ ദുരിതമായി. മഴ നിലച്ചതോടെ വെള്ളമിറങ്ങി. പക്ഷേ, അപ്പോഴേക്കും മുറികളിലും വരാന്തയിലും ചെളി അടിഞ്ഞുകൂടിയിരുന്നു. അത് പിന്നീട് ജീവനക്കാർ കഴുകിക്കളയുകയായിരുന്നു. ഡിപ്പോയുടെ മുറ്റത്ത് പല ഭാഗത്തും ടാർ തകർന്ന് കുഴിയായിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306856/will-we-have-to-launch-the-boat-water-at-piravom-ksrtc-depot)