---
title: "മായം ചേർത്ത പപ്പടങ്ങളെ കണ്ടെത്തണം ; കേരള പപ്പട് മാനുഫാക്ച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം നടന്നു"
english_title: "Adulterated papads must be identified; Kerala Papad Manufacturers Association State Council meeting held"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306310/adulterated-papads-must-be-identified-kerala-papad-manufacturers-association-state-council-meeting-held"
published_at: "2025-08-03T22:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f9667b57be_kepma.jpg"
keywords: []
---

# മായം ചേർത്ത പപ്പടങ്ങളെ കണ്ടെത്തണം ; കേരള പപ്പട് മാനുഫാക്ച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം നടന്നു

> **Lead Summary:** കളമശ്ശേരി : കേരള പപ്പട് മാനുഫാക്ച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് കളമശ്ശേരി പത്തടിപ്പാലം ഗവൺമെൻ്റ് റസ്റ്റ് ഹൗസിൽ വച്ച് നടന്നു.

## Article Content

കളമശ്ശേരി : കേരള പപ്പട് മാനുഫാക്ച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ഇന്ന് കളമശ്ശേരി പത്തടിപ്പാലം ഗവൺമെൻ്റ് റസ്റ്റ് ഹൗസിൽ വച്ച് നടന്നു.

സംസ്ഥാന പ്രസിഡൻ്റ് എബ്രഹാം സി ജേക്കബിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള പപ്പടത്തിന്റെ ചേരുവകളെ സംബന്ധിച്ചും പരിശോധന മാനദണ്ഡങ്ങൾ സംബന്ധിച്ചും പ്രത്യേകം സ്റ്റാൻ്റേർഡൈസേഷൻ കൊണ്ടു വരണമെന്ന് പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോടും ഭക്ഷ്യ സുരക്ഷ വകുപ്പിനോടും ആവശ്യപ്പെട്ടു.

നിർമ്മാണ രീതിയിലും, ഉപയോഗത്തിലും, ചേരുവകളുടെയും രുചിയുടെയും കാര്യത്തിലും തികച്ചും വ്യത്യസ്‌തമായ ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള മസാല പപ്പടത്തിനും ദക്ഷിണേന്ത്യയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള അപ്പളത്തിനും കേരള പപ്പടത്തിനും നിലവിൽ ഒരേ രീതിയിലുള്ള പരിശോധന മാനദണ്ഡങ്ങൾ ആണ് ഉള്ളത്. കേരള പപ്പടത്തിൻ്റെ ചേരുവകൾ ഉഴുന്നും, പപ്പടക്കാരവും, ഉപ്പും, വെള്ളവുമാണ്. പൊരിച്ചെടുക്കുമ്പോൾ കുമിളകൾ ഉള്ളതാണ് കേരള പപ്പടത്തിന്റെ സവിശേഷത. കേരള പപ്പടത്തിലെ ജലാംശമാണ് ഇത് സാധ്യമാക്കുന്നത്.

മസാല പപ്പടത്തിലും അപ്പളത്തിലും ജലാംശം വളരെ വളരെ കുറവായതിനാൽ അത്തരം പപ്പടങ്ങളുടെ ലൈഫ് ആറുമാസം മുതൽ ഒരു വർഷം വരെയാണ്. നേരെ മറിച്ച് കേരള പപ്പടത്തിന്റെ ലൈഫ് കൂടിയാൽ 20 ദിവസം വരെ മാത്രമാണ്. കേരള പപ്പടത്തിലെ ജലാംശം 18% per mass മുതൽ 20% per mass വരെ ആയിരിക്കും.

എന്നാൽ മസാല പപ്പടത്തിൻ്റെയും അപ്പളത്തിന്റെയും സവിശേഷതകൾ മാത്രം പരിഗണിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷ വകുപ്പ് നിർണയിച്ചിട്ടുള്ള മാനദണ്ഡം 15% per mass ആണ്. പി.എച്ച് വാല്യൂ കാര്യത്തിലും മറ്റ് മാനദണ്‌ഡങ്ങളിലും ഈ വ്യത്യാസം പ്രകടമാണ്.

സാഹചര്യങ്ങൾ ഇതായിരിക്കെ കേരള പപ്പടത്തിനായി പ്രത്യേകം സ്റ്റാന്റേർഡൈസേഷൻ കൊണ്ടുവരണമെന്നും, കേരള പപ്പടത്തിൻ്റെ സാമ്പിളുകൾ പരിശോധനക്കായി എടുത്തു കൊണ്ട് പരിശോധന ഫലം മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നത് അല്ല എന്ന കാരണത്താൽ സബ് സ്റ്റാൻഡേർഡ് ആയി വിലയിരുത്തി കൊണ്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന രീതി നിർത്തിവെക്കണമെന്നും, മായം ചേർത്ത പപ്പടങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി കേരള പപ്പടത്തിൻ്റെ പരിശോധന മാനദണ്ഡ‌ങ്ങളിൽ ഗ്ലൂട്ടൻ പരിശോധിക്കുന്നത് ഉൾപ്പെടുത്തിക്കൊണ്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയമാണ് യോഗം പാസാക്കിയത്.

പ്രസ്തു‌ത വസ്തുതകൾ വിവരിച്ചു കൊണ്ട് കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ വകുപ്പ് മന്ത്രിക്കും കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു.അംഗൻവാടിയിലും സ്‌കൂളുകളിലും ഉച്ച ഭക്ഷണത്തിൽ കേരളത്തിൻ്റെ തനതു വിഭവമായ പപ്പടം ഉൾപ്പെടുത്തുവാനുള്ള നടപടികൾ കേരള സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

2025-2028 വർഷത്തേക്കുള്ള സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുപ്പും നടന്നു. വിനീത് പ്രാരത്ത സംസ്ഥാന പ്രസിഡൻ്റായും സിമിൽ കുമാർ വി ടി ജനറൽ സെക്രട്ടറിയായും മനോജ് പി എം സംസ്ഥാന ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306310/adulterated-papads-must-be-identified-kerala-papad-manufacturers-association-state-council-meeting-held)