കൊല്ലം : (piravomnews.in) ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെയാണ് ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.

സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ് രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് മരിച്ച അതുല്യ ശേഖർ.
43 പവൻ സ്വർണം സ്ത്രീധനം ആയി ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി.
രണ്ടു ദിവസം മുൻപ് സതീഷ് മകളുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സതീഷിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
എസ്ഐ എന്‍ നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കഴിഞ്ഞ ദിവസം അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി എടുത്തു. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിക്ക് അതുല്യ അയച്ച മർദനത്തിന്റെ വീഡിയോ പൊലീസിന് കൈമാറി.
Death of Malayali woman in Sharjah; Case registered against Atulya's husband
