ആലങ്ങാട് : (piravomnews.in) ആക്രമണകാരിയായ തെരുവുനായ വീടുകളിൽ കയറിയിറങ്ങി നടക്കാൻ തുടങ്ങിയതോടെ ആളുകൾ ഭീതിയിൽ. ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് ഭാഗത്താണു കറുത്ത നിറത്തിലുള്ള ആക്രമണകാരിയായ തെരുവുനായ വീടുകളുടെ മതിലുകൾ ചാടിക്കടന്നു അകത്തു കയറുന്നത്.
ഇതോടെ ആളുകൾ ഭീതിയിലാണ്. കഴിഞ്ഞദിവസം ഈ പ്രദേശത്തെ ഒട്ടേറെ വീടുകളിൽ ഈ നായ എത്തിയിരുന്നു. കൂടാതെ ബൈക്കിലേക്കു ചാടി വീഴുകയും ബൈക്ക് യാത്രികരെ കടിക്കാൻ കുറെ ദൂരം പിന്നാലെ പായുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഭാഗ്യം കൊണ്ടാണു ബൈക്ക് മറിഞ്ഞ് അപകടം സംഭവിക്കാതിരുന്നത്.
ഒരാഴ്ച മുൻപു സമീപ പ്രദേശമായ കൊങ്ങോർപ്പിള്ളി ഭാഗത്തെ എടിഎം സെന്ററിൽ കയറിയ വിദ്യാർഥിയെ തെരുവുനായ കടിച്ച സംഭവവും ഉണ്ടായിരുന്നു. ആലങ്ങാട് – കോട്ടുവള്ളി– കരുമാലൂർ പഞ്ചായത്തുകളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രികർക്കു ഭീഷണിയാകുന്നതായി പരാതിയുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നു പഞ്ചായത്തുകളിലായി മുപ്പതിലേറെ പേർക്കാണു തെരുവുനായയുടെ കടിയേറ്റത്. അതിനാൽ എത്രയും വേഗം ആക്രമണകാരികളായ നായ്ക്കളെ തുരത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
People are terrified after an aggressive stray dog starts walking into homes
