ആലപ്പുഴ: ( piravomnews.in ) ആത്മഹത്യാക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചതിന്റെ പേരിൽ മർദ്ദിച്ച പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും ആത്മഹത്യയ്ക്ക് കാരണമായി എഴുതിവച്ച ശേഷം 55കാരൻ ജീവനൊടുക്കി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി (55) ആണ് മരിച്ചത്. വിഷക്കായ കഴിച്ചായിരുന്നു മരണം.

കെട്ടിട നിർമാണ തൊഴിലാളിയെ ഇന്നലെ രാത്രി 10നാണ് വിഷക്കായ കഴിച്ച് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: പുലയൻവഴി കറുക ജംഗ്‌ഷനു സമീപം ലോഡ്‌ജിൽ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു . സ്ത്രീയെ ശല്യം ചെയ്യാൻ ചെന്നതായി കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദ്ദിച്ചു.
മുറിയിൽ പ്രവേശിച്ച ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയിൽ സ്കെച്ച് പേന ഉപയോഗിച്ച് എഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദ്ദിച്ചതായും എഴുതി. ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്‌റ്റഡിയിലെടുത്തു.
( ഓർക്കുക, ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഒരുപാട് വഴികളുണ്ട്, കൂടാതെ സഹായം നൽകാൻ തയ്യാറായ നിരവധി ആളുകളും സ്ഥാപനങ്ങളുമുണ്ട്. സഹായം തേടാൻ മടിക്കരുത്.)
A middle-aged man went to a shop asking for a pen and paper to write a suicide note, then wrote the shop owner's name and committed suicide.
