പത്തനംതിട്ട: ( piravomnews.in ) തെങ്ങ് കീറി വിറകാക്കാൻ എത്തിയ രമണന് കിട്ടിയത് എട്ടിന്റെ പണി. രാവിലെ പതിവുപോലെ പണിക്കെത്തി ഫോണും ബാക്കി സാധനങ്ങളും പറമ്പിന്റെ ഒരു ഭാഗത്ത് ഭദ്രമായി വച്ച് ജോലിക്കിറങ്ങി.
പക്ഷെ പണിവന്നത് അതിനുപിന്നാലെയായിരുന്നു. പറമ്പിലേക്ക് പ്രതീക്ഷികാതെയെത്തിയ കുരങ്ങൻ രമണന്റെ പുതിയ ടച്ച് ഫോൺ എടുത്ത് തെങ്ങിൽ കയറി. രമണൻ പുതിയ ടച്ച് ഫോൺ വാങ്ങിയിട്ട് ഏതാനും ദിവസമേ ആയിരുന്നുള്ളൂ. വഴിയേപോയ വാനരൻ അതിന് അവകാശം ഉന്നയിക്കുമെന്ന് , വിറകുവെട്ടുതൊഴിലാളിയായ രമണൻ സ്വപ്‌നത്തിൽപോലും കരുതിയില്ല.

പതിവ് പണിക്കിടെ പറമ്പിന്റെ ഭാഗത്ത് വെച്ച ഫോൺ കുരങ്ങെടുത്ത് ഓടുന്നതുകണ്ട് ഒന്ന് സ്തംഭിച്ചു. പിന്നീട് യാചിച്ചു. തന്നിട്ടുപോടായെന്ന് നിലവിളിച്ചു. ഫോണിൽത്തോണ്ടി ചാടിക്കളിച്ച കുരങ്ങൻ രമണനെ വട്ടം കറക്കി. ഇടയ്ക്കിടെ മുഖത്തേക്കുനോക്കി. തെങ്ങിലേക്ക് ചാടിക്കയറി. ലോക്ക് തുറക്കാൻ പറ്റാത്തിലാണോയെന്നറിയില്ല, ഒടുവിൽ ഫോൺ താഴേക്കിട്ട് തെങ്ങിൻ മുകളിലേക്കുപോയി.
മണന് ആശ്വാസവുമായി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പെരിങ്ങര പഞ്ചായത്ത് പത്താംവാർഡ് മെമ്പർ ശ്രീഭദ്ര വീട്ടിൽ എസ്. സനൽകുമാരിയുടെ പുരയിടത്തിലാണ് സംഭവം. സമീപവാസിയായ വാളമ്പറമ്പിൽ രമണൻ ഇവിടെ തെങ്ങ് കീറി വിറകാക്കാൻ എത്തിയതായിരുന്നു.
പണിസമയം തീരുന്നതിന് തൊട്ടുമുമ്പാണ് ഫോൺ കുരങ്ങിന്റെ കൈയിലെത്തിയത് കാണുന്നത്. രണ്ടുദിവസം മുമ്പാണ് 8000 രൂപ മുടക്കി പുതിയഫോൺ വാങ്ങിയത്. കാൽ മണിക്കൂറോളം കുരങ്ങൻ ഫോണുമായി ചാടിക്കളിച്ചു. പിന്നീട് അയൽക്കാർ എത്തി. തെങ്ങിലേക്കുള്ള കയറ്റത്തിനിടെയാണ് ഫോൺ താഴേക്ക് ഇട്ടുകൊടുത്തത്.
സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ഒരേയൊരു ഫോൺ കുരങ്ങിന്റെ പക്കലായതിനാൽ ദൃശ്യം പകർത്താൻ കഴിഞ്ഞില്ല. ഫോൺ കിട്ടിയപ്പോൾ രമണനോട്, ആ ഫോണിൽ ചിത്രം പകർത്താൻ സമീപവാസി പറഞ്ഞെങ്കിലും പോക്കറ്റിലിട്ട് വീട്ടിലേക്കുപോയി.
Raman got the job of eight; the monkey took the woodcutter's touch phone and climbed the coconut tree
