കൊച്ചി: ( piravomnews.in ) തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ അമ്മ സുജ വിദേശത്തുനിന്നും നാട്ടിലെത്തി.
തുർക്കിയിലായിരുന്നു സുജ ഇന്‍ഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.

ഇളയ കുട്ടി സുജിനെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സുജ വിമാനത്താവളത്തിന് പുറത്തെത്തി. ആശ്വസിപ്പിക്കാനാകാതെ കൂടിനിന്നവരും തേങ്ങി. സഹോദരിയുടെ തോളിൽ തൂങ്ങി കാറിലേക്ക് കയറുമ്പോൾ ആ അമ്മ തന്റെ കുഞ്ഞിനെ വിളിച്ച് തേങ്ങുകയായിരുന്നു. തിരിച്ചുവരവിൽ സന്തോഷത്തോടെ വിമാനമിറങ്ങി മക്കളെ കെട്ടിപ്പിടിച്ച് മുത്തംനൽകേണ്ടിയിരുന്ന അമ്മ തകർന്ന മനസുമായാണ് നാട്ടിലെത്തിയത്.
ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാശ്ലേഷിക്കാൻ മിഥുൻ ഇല്ല. മോർച്ചറിയിൽ തണുത്തുവിറച്ച് അവൻ അമ്മയേയും കാത്തു കിടപ്പുണ്ട്, അന്ത്യചുംബനത്തിനായി ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്കാരം.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും. സഹപാഠികളും അധ്യാപകരും പ്രദേശവാസികളും മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ ഇവിടേക്ക് എത്തും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും.
അതേസമയം, മിഥുന്റെ മരണത്തിൽ കെഎസ്ഇബി നടപടി വൈകുമെന്നാണ് വിവരം. സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടി. മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റാണ് മിഥുൻ മരിച്ചത്.
Suja arrives heartbroken for the last time; emotional scenes at the airport
