---
title: "ആ ദുരന്തം പലർക്കും വിശ്വസിക്കാനായില്ല ; ആക്രമണം  പെരുന്നാൾ കഴിഞ്ഞ്‌ മടങ്ങവേ  "
english_title: "Many could not believe the tragedy; the attack took place while returning from Eid."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/303371/many-could-not-believe-the-tragedy-the-attack-took-place-while-returning-from-eid"
published_at: "2025-07-19T06:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687aecfdc1047_attack.jpg"
keywords: []
---

# ആ ദുരന്തം പലർക്കും വിശ്വസിക്കാനായില്ല ; ആക്രമണം  പെരുന്നാൾ കഴിഞ്ഞ്‌ മടങ്ങവേ  

> **Lead Summary:** കൊച്ചി : പച്ചാളം ചാത്യാത്ത്‌ പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ്‌ മടങ്ങിയ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫറിനെയും ഭാര്യ മേരിയെയും കാത്തിരിക്കുകയായിരുന്നു അയൽവാസി വില്യം പാട്രിക്‌ കൊറയ.

## Article Content

കൊച്ചി : പച്ചാളം ചാത്യാത്ത്‌ പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ്‌ മടങ്ങിയ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫറിനെയും ഭാര്യ മേരിയെയും കാത്തിരിക്കുകയായിരുന്നു അയൽവാസി വില്യം പാട്രിക്‌ കൊറയ.

കൈയിലെ ചുവപ്പ്‌ കവറിലെ പ്ലാസ്‌റ്റിക് കുപ്പിക്കുള്ളിൽ വില്യം പെട്രോൾ കരുതിയിരുന്നു. പെരുന്നാൾ നൊവേന കഴിഞ്ഞ്‌ സ്‌കൂട്ടറിൽ തന്റെ വീടിന്‌ മുന്നിലൂടെപ്പോയ ദമ്പതികളെ വില്യം തടഞ്ഞുനിർത്തി. തുടർന്ന്‌ ഇരുവരുടെയും ദേഹത്ത്‌ പെട്രോൾ ഒഴിച്ച്‌ ലൈറ്റർകൊണ്ട്‌ തീകൊളുത്തുകയായിരുന്നുവെന്ന്‌ സമീപവാസിയും ജീസസ്‌ റോഡ്‌ റസിഡന്റ്‌സ്‌ അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറിയുമായ ലാർസൻ പറയുന്നു.

തീ പടർന്നപ്പോൾ ക്രിസ്‌റ്റഫറും മേരിയും തൊട്ടടുത്ത വീട്ടിലേയ്‌ക്ക്‌ ഓടിക്കയറി. സമീപവാസികൾ വെള്ളമൊഴിച്ച്‌ തീകെടുത്തി. തുടർന്ന്‌ ഓട്ടേയിൽ രണ്ടുപേരെയും ലൂർദ്‌ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും ലാർസൻ പറഞ്ഞു. സ്‌കൂട്ടറിന്റെ സീറ്റ്‌ കത്തിനശിച്ചു.

ദമ്പതികൾക്ക്‌ പൊള്ളലേറ്റ വാർത്ത അറിഞ്ഞതോടെ മഴയെ അവഗണിച്ച്‌ പരിസരവാസികൾ സംഭവസ്ഥലത്തേയ്‌ക്ക്‌ ഓടിയെത്തി.രാത്രിയുണ്ടായ ദുരന്തം ആദ്യം പലർക്കും വിശ്വസിക്കാനായില്ല.

ആറ്‌ വർഷംമുമ്പാണ്‌ വില്യം കൊറയയും ദമ്പതികളുമായുള്ള വഴക്ക്‌ ആരംഭിച്ചതെന്ന്‌ പരിസരവാസികൾ പറയുന്നു. ഗൃഹോപകരണങ്ങൾ പോളീഷ്‌ ചെയ്യുന്ന ജോലിയായിരുന്ന വില്യം ആരോടും അധികം ഇടപെട്ടിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/303371/many-could-not-believe-the-tragedy-the-attack-took-place-while-returning-from-eid)