---
title: "വീട്ടുമുറ്റത്തിട്ട കാർ പെട്രോൾ  ഒഴിച്ച്‌ കത്തിച്ച യുവാവ്‌ പിടിയിൽ   "
english_title: "Youth arrested for dousing car in backyard with petrol and setting it on fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300822/youth-arrested-for-dousing-car-in-backyard-with-petrol-and-setting-it-on-fire"
published_at: "2025-07-06T09:18:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6869f31d327c7_arrest.jpg"
keywords: []
---

# വീട്ടുമുറ്റത്തിട്ട കാർ പെട്രോൾ  ഒഴിച്ച്‌ കത്തിച്ച യുവാവ്‌ പിടിയിൽ   

> **Lead Summary:** ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന്‌ പിന്നിൽ തിട്ടമേൽ കോണത്തേത്ത് നിതിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ടൊയോട്ട ഗ്ലാൻസ കാർ പെട്രോൾ ഒഴിച്ച്‌ കത്തിച്ച യുവാവിനെ ചെങ്ങന്നൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.

## Article Content

ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന്‌ പിന്നിൽ തിട്ടമേൽ കോണത്തേത്ത് നിതിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ടൊയോട്ട ഗ്ലാൻസ കാർ പെട്രോൾ ഒഴിച്ച്‌ കത്തിച്ച യുവാവിനെ ചെങ്ങന്നൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.

മുളക്കുഴ ഇടയിനേത്ത് വീട്ടിൽ സെലിൻകുമാർ (38) ആണ് പിടയിലായത്‌. നിതിന്റെ ജ്യേഷ്‌ഠൻ മിഥുൻ ഉപയോഗിക്കുന്ന കാറാണിത്‌. മിഥുനോടുള്ള മുൻവൈരാഗ്യം തീർക്കാനാണ്‌ കാർ കത്തിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വീട്ടിലെ സിസിടിവി ക്യാമറയിൽ പ്രതി കൃത്യം നടത്തുന്ന ദൃശ്യം പതിഞ്ഞിരുന്നു.

ചെങ്ങന്നൂർ സിഐ എ സി വിപിനിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തുനിന്ന്‌ സെലിൻ രക്ഷപ്പെട്ട വഴിയിലെ സിസിടിവികളും പരിശോധിച്ച് പിന്തുടർന്നാണ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി. ശനി പുലർച്ചെ ഒന്നോടെ പ്രതി കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിനുമുകളിൽ ഒഴിച്ചശേഷം ലൈറ്ററുപയോഗിച്ച് കത്തിക്കുകയായിരുന്നു.

കാർ പൂർണമായും കത്തിനശിച്ചു. തീ ആളിപ്പടർന്ന് വീടിന്റെ മുൻഭാഗത്തെ മുറിയുടെ ജനാലച്ചില്ല്‌ തകർന്ന് അകത്തേക്ക് പടർന്ന് മെത്തയും കട്ടിലും ഭാഗികമായി കത്തി. ചെങ്ങന്നൂർ അഗ്‌നിരക്ഷാസേന തീ പടരാതെ തടഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300822/youth-arrested-for-dousing-car-in-backyard-with-petrol-and-setting-it-on-fire)