പിറവം : (piravomnews.in) നഗരസഭാ പരിധിയിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസ്സത്തിനു പരിഹാരമായി ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തിക്കുന്ന പദ്ധതിക്കു അനുമതിയായി.
വൈദ്യുതി ലൈനിൽ എവിടെയെങ്കിലും സംഭവിക്കുന്ന ചെറിയ തകരാറുകൾക്കുപോലും മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്നതാണ് ഇപ്പോഴത്തെ പതിവ്.

ഗാർഹിക ഉപയോക്താക്കളെയും ചെറുകിട വ്യവസായ യൂണിറ്റുകളെയും മറ്റു സംരംഭങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നടപടിയിൽ പ്രതിഷേധം ശക്തമായതോടെയാണു കേബിളിലൂടെ വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയിലേക്കു നീങ്ങുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
പിറവത്തിനു പുറമെ ഇലഞ്ഞി പഞ്ചായത്തിലും പ്രയോജനം ലഭിക്കും.നഗരസഭയിലും പരിസരത്തും വൈദ്യുതി എത്തുന്ന കക്കാട് 110 കെവി സബ് സ്റ്റേഷനിൽ നിന്നു ടൗണിലൂടെ മുല്ലൂർപടി വരെയും ആശുപത്രികവല, കൊള്ളിക്കൽ എന്നിവിടങ്ങളിലേക്കുമാണു കേബിൾ സ്ഥാപിക്കുന്നത്.
13 കിലോമീറ്റർ ദൈർഘ്യത്തിൽ കേബിൾ ഇടുന്നതിനു 6.2 കോടി രൂപയാണു കണക്കാക്കുന്നത്. കെഎസ്ഇബി മൂവാറ്റുപുഴ ഡിവിഷനു കീഴിൽ ഏറ്റവും ദൈർഘ്യമേറിയ കേബിൾ ശൃംഖലയാണു പിറവത്തു വരുന്നത്.
Solution to power outage in Piravam: Electricity will be delivered through underground cables
