---
title: "ജനറല്‍ ആശുപത്രിക്കെതിരെ വ്യാജപ്രചാരണം ; സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കെജിഎംഒഎ  "
english_title: "False propaganda against General Hospital; KGMOA demands government action"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300437/false-propaganda-against-general-hospital-kgmoa-demands-government-action"
published_at: "2025-07-04T11:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68676820278ca_general.jpg"
keywords: []
---

# ജനറല്‍ ആശുപത്രിക്കെതിരെ വ്യാജപ്രചാരണം ; സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കെജിഎംഒഎ  

> **Lead Summary:** കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക്‌ വിധേയയായ യുവതിയുടെ വയറ്റിൽ നൂല് മറന്നുവച്ച് തുന്നിക്കെട്ടിയെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന്‌ കെജിഎംഒഎ. 

## Article Content

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക്‌ വിധേയയായ യുവതിയുടെ വയറ്റിൽ നൂല് മറന്നുവച്ച് തുന്നിക്കെട്ടിയെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന്‌ കെജിഎംഒഎ. 

വ്യക്തമായ അന്വേഷണമോ ജാഗ്രതയോ കൂടാതെ ഇത്തരം വാർത്ത നൽകുന്ന മാധ്യമങ്ങളുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ടി സുധാകർ, സെക്രട്ടറി ഡോ. കാർത്തിക് ബാലചന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ശസ്ത്രക്രിയാവിഭാഗത്തിന്റെ ദീർഘകാല അന്താരാഷ്ട്രരീതികളുടെ ഭാഗമായി ഉദരപേശി ശക്തിപ്പെടുത്തുന്നതിനും ഹെർണിയപോലുള്ള ബുദ്ധിമുട്ടുകൾ തടയുന്നതിനും പ്രോലൈൻപോലുള്ള നോൺ അബ്‌സോറബിൾ സ്യൂച്ചർ ഉപയോഗിക്കുന്നത് ശസ്ത്രക്രിയാരീതിയാണ്‌.

വളരെ അപൂർവമായി ചില രോഗികളുടെ ശരീരം ഇതിനെതിരെ പ്രതികരിക്കാറുണ്ട്. ഇത്തരം സാഹചര്യത്തിൽ കൃത്യമായി തിരിച്ചറിയുകയും അനുയോജ്യമായ രീതിയിൽ ചികിത്സ നൽകുകയും ചെയ്യുന്നത് ശസ്ത്രക്രിയാവിഭാഗത്തിന്റെ ഉത്തരവാദിത്വത്തിലാണ്. ഇത് ഒരിക്കലും ഡോക്ടർമാരുടെ പിഴവോ പ്രായോഗികവീഴ്ചയോ അല്ല.

പ്രതിസന്ധികൾക്കിടയിലും രാവും പകലും ജോലി ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കാനും അവഹേളിക്കപ്പെടാനും മാത്രമേ ഇത്തരം വ്യാജപ്രചാരണങ്ങൾ സഹായിക്കുകയുള്ളൂവെന്നും കെജിഎംഒഎ ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300437/false-propaganda-against-general-hospital-kgmoa-demands-government-action)