കൊച്ചി : (piravomnews.in) കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ആൻ മരിയ (23), ജിപ്‌സൺ ഷാജൻ (22), ആൽബിൻ (25) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ആൻ മരിയയുടെ നില ഗുരുതരമായതിനെത്തുടർന്ന് രാജഗിരി ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്.ജൂൺ 16നാണ്‌മൂവർക്കും ഭക്ഷ്യവിഷബാധയേറ്റത്. സുഹൃത്തുക്കളായ ഇവർ രവിപുരം ഷിപ്‌യാർഡിനടുത്തുള്ള റിയൽ അറേബ്യ ഹോട്ടലിൽനിന്ന് ചിക്കൻ ഷവായ്, ഷവർമ എന്നിവയാണ് കഴിച്ചത്.

അങ്കമാലിയിൽ ജോലി ചെയ്യുന്ന മൂവരും കമ്പനി ആവശ്യത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് ഹോട്ടലിൽ കയറിയത്. അന്നുരാത്രി ഛർദിയും വയറിളക്കവും പിടിപെട്ട് അവശരായതോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. അടുത്തദിവസം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.
ആൻ മരിയയുടെ രോഗം വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ, നിലയിൽ മാറ്റമില്ലാത്തതിനാൽ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും ഐസിയുവിലാണ്. കൂടെയുണ്ടായിരുന്ന ജിപ്‌സൺ കൊടകരയിലെ ആശുപത്രിയിലും ആൽബിൻ ഇരിങ്ങാലക്കുടയിലെ വീട്ടിലും ചികിത്സയിലാണ്.
Three people who ate at a hotel in Kochi are receiving treatment for food poisoning; the young woman is in critical condition
