കല്‍പ്പറ്റ:(piravomnews.in) വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളമുണ്ട മൊതക്കര മാനിയില്‍ കണ്ണിവയല്‍ വീട്ടില്‍ ബാലനെയാണ് (55) സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
അയല്‍വാസിയായ വയോധികന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബാലൻ കോടാലി കൊണ്ട് കാലിന് വെട്ടുകയായിരുന്നു. ശേഷം കഴുത്തിനു നേരെ കോടാലി വീശിയപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ വയോധികന്‍ പൊലീസിനോട് പറഞ്ഞു. ശേഷം മുറ്റത്തു കിടന്ന കല്ലു കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.
നാട്ടുകാര്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി. ബലം പ്രയോഗിച്ചാണ് പോലീസ് സംഘം ബാലനെ കീഴടക്കിയത്. വെള്ളമുണ്ട പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.കെ മിനിമോളുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
Violence against elderly man; breaking into house and slashing him with an axe
