തൃശൂര്‍: കബഡി താരമായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്കുനേരെ ബസ് സ്റ്റാന്‍ഡില്‍ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കടവല്ലൂര്‍ തിപ്പിലശ്ശേരി പ്‌ളാക്കല്‍ വീട്ടില്‍ ബിജു (46) വിനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2023 മാര്‍ച്ച് മൂന്നിന് സ്‌കൂളിലെ കബഡി പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ വരുമ്പോള്‍ വൈകീട്ട് 6.25ന് കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ ബസിനകത്ത് വെച്ച് വിദ്യാര്‍ഥിനിയോട് പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

പെൺകുട്ടി പ്രതികരിച്ചതോടെ ബിജു ബസില്‍ നിന്നിറങ്ങിപ്പോയി. പ്രതിയെ പിന്തുടര്‍ന്ന് വിദ്യാര്‍ഥിനി ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിദ്യാര്‍ഥിനി രേഖാമൂലം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
Indian cricketer Sourav Ganguly's motorcade met with an accident
