കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം ലഭിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കേസിലെ 6 മുതല്‍ 9 വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ അയച്ചത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. സി.പി.ഐ.എം ചെള്ളക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പ്രവര്‍ത്തകരായ സജിത്ത് എബ്രഹാം, റിന്‍സ് വര്‍ഗീസ്, ടോണി ബേബി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെത്തിയാണ് ഇവരെ സ്വീകരിച്ചത്. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ നടത്തിയതെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണം.

Koothattukulam councilor Kala Raju's kidnapping case; Garland reception for CPM workers who got bail.
