പൂനെ: മഹാരാഷ്ട്രയിൽ തൊഴിലിടത്തെ പാർക്കിംഗിൽ വെച്ച് സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്. കൃഷ്ണ കനോജ (30) കാരനാണ് തന്‍റെ സഹപ്രവർത്തകയായ ശുഭദ കോദാരെ (28)നെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. പാർക്കിഗ് ഏരിയയിൽ വെച്ച് കൃഷ്ണ ശുഭദയെ തടഞ്ഞ് വെക്കുന്നതും ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ പ്രകോപിതനായ പ്രതി കത്തികൊണ്ട് യുവതിയെ കുത്തുകയായിരുന്നു. നിരവധി പേർ ഈ കൃത്യത്തിന് ദൃക്സാക്ഷിയായെങ്കിലും ആരും കൃഷ്ണ കനോജയെ തടയാനെത്തിയില്ല. യുവതി കുത്തേറ്റ് വീണതോടെ യുവാവ് കത്തി വലിച്ചെറിഞ്ഞു. ഇതോടെ ആളുകൾ ഓടിക്കൂടി കൃഷ്ണയെ പിടിച്ച് വെച്ച് മർദ്ദിക്കുകയും യുവതിയെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സുഭദ മരണപ്പെട്ടത്. ശുഭദ കൃഷ്ണ കനോജയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണയും സഹപ്രവർത്തകയായ യുവതിയും തമ്മിൽ സുഹൃത്തുക്കളായിരുന്നുവെന്നും പിതാവിന്‍റെ അസുഖത്തിന്‍റെ പേര് പറഞ്ഞ് ഇവർ യുവാവിൽ നിന്ന് പലപ്പോഴായി പണം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6742c73a1cb26_onm p.jpeg)
കുറച്ച് നാൾ കഴിഞ്ഞ് കൃഷ്ണ കനോജ യുവതിയോട് പണം തിരികെ ചോദിച്ചു. എന്നാൽ പിതാവിന്‍റെ ആരോഗ്യനില മോശമാണെന്നും പണമില്ലന്നും പറഞ്ഞ് ശുഭദ പണം നകാൻ വിസമ്മതിച്ചു. സംശയം തോന്നിയ കൃഷ്ണ യുവതിയുടെ നാട്ടിലെത്തി. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. സഹപ്രവർത്തകയുടെ പിതാവിന് അസുഖമൊന്നുമില്ലെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും കൃഷ്ണ കനോജ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. തിരികെ ഓഫീസിലെത്തിയ യുവാവ് യുവതിയോട് തന്നെ കബളിപ്പിച്ചതിനെക്കുറിച്ച് ചോദിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കൃഷ്ണ ശുഭദയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തിയത്. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
The young man killed the young woman in the parking lot of the workplace.