പറവൂർ : (piravomnews.in) കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ–-- ജലജ ദമ്പതികളുടെ മകൻ അരുൺലാൽ (34) വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത കേസിൽ മാള മഠത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടിൽ എം ആർ കൃഷ്ണകുമാറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇളന്തിക്കര ഹൈസ്കൂൾ അധ്യാപകനായ കൃഷ്‌ണകുമാറിനെ ബുധൻ പുലർച്ചെ നെടുമ്പാശേരി അത്താണിയിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.നാലുപേജുള്ള അരുൺലാലിന്റെ ആത്മഹത്യാക്കുറിപ്പിൽ കുടുംബജീവിതം തകർത്തതിൽ കൃഷ്ണകുമാറിനുള്ള പങ്ക് സൂചിപ്പിച്ചിരുന്നു.
പറവൂർ നഗരത്തിലെ സ്കൂൾ അധ്യാപികയായ അരുൺലാലിന്റെ ഭാര്യയുമായി കൃഷ്‌ണകുമാറിനുള്ള ബന്ധവും കത്തിൽ പരാമർശിക്കുന്നുണ്ട്. രണ്ടുമാസംമുമ്പ് അരുൺ ലാൽ നൽകിയ പരാതിയിൽ ഇരുവരെയും വീട്ടുകാരുടെ സാന്നിധ്യത്തിൽ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
തുടർന്ന് അരുൺലാലിനൊപ്പം പോകാൻ വിസമ്മതിച്ച ഭാര്യയെ പൊലീസ് ഹോസ്റ്റലിലാക്കി. ഒമ്പതും രണ്ടരയും വയസ്സുള്ള പെൺമക്കളെ ഉപേക്ഷിച്ച് ഭാര്യ പോയത് അരുൺലാലിനെ മാനസിക സമ്മർദത്തിലാക്കിയെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു.
കൃഷ്ണകുമാറിന്റെ സ്കൂളിലെ പെരുമാറ്റം സംബന്ധിച്ച് വിദ്യാർഥികളും രക്ഷാകർത്താക്കളും മാനേജ്മെന്റിന് പരാതി നൽകിയിട്ടുണ്ട്. ആരോപണമുയർന്നപ്പോൾത്തന്നെ അവധിയിൽ പോകാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.
#Youth's #death: #Teacher #remanded
