തിരുവനന്തപുരം: പ്രവാസിയായ നജീബിന്റെ സ്വപ്നമായിരുന്നു മകൾ ക്ലാസിക്കൽ കലയിൽ നിറഞ്ഞാടണമെന്നത്. അക്കാലത്ത് അവധി കണ്ടെത്തി അദ്ദേഹം മരുഭൂമിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതും കേരളത്തിലെ കലോത്സവ നാളുകളിലായിരുന്നു. മകളുടെ കലാപ്രകടനം കാണാനും മനസ്സ് നിറച്ച് മടങ്ങാനും. ഈ ഭൂമിയിൽ നിന്ന് പോയി മറഞ്ഞ ആ പ്രവാസി കണ്ട സ്വപ്നത്തിന് ഇന്നും പിന്തുടർച്ചയുണ്ട്. തിരുവനന്തപുരം ശ്രീകാര്യത്തെ ചിലങ്ക സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഇന്ന് കലാപ്രതിഭകളുടെ ഈറ്റില്ലമാണ്.
ഇവിടെ സുൽത്താന നജീബ് ഉണ്ട്, അതെ ആ പഴയ കലോത്സവ താരം. പ്രവാസിയുടെ മകൾ. 2008 മുതൽ സ്കൂൾ കലോത്സവ വേദിയിൽ കഴക്കൂട്ടം വെട്ട് റോഡ് സുൽത്താന നജീബ് ഭരതനാട്യവും കുച്ചിപ്പുടി കേരള നടനവും ആയി വേദിയിൽ നിറഞ്ഞു തുടങ്ങി. ഹൈസ്കൂൾ ഹയർ സെക്കൻഡറി കലോത്സവത്തിലെ മിന്നുന്ന പ്രകടനത്തിനുശേഷം യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും സുൽത്താന താരമായി. ഉപ്പ നജീബ് കണ്ട സ്വപ്നമാണ് ക്ലാസിക്കൽ നൃത്ത വേദിയിൽ തനിക്ക് സഹായകമായതെന്ന് സുൽത്താന പറയുന്നു.
ഇപ്പോൾ ആറു വർഷമായി സുൽത്താനയുടെ ശിഷ്യഗണങ്ങൾ കലോത്സവ വേദികളിലുണ്ട്. സംസ്ഥാന കലോത്സവത്തിൽ ഇത്തവണ കേരള നടനം അവതരിപ്പിച്ച അശ്വിനി അജയ് എ ഗ്രേഡ് നേടി. കഴിഞ്ഞവർഷം കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് നേടിക്കൊടുക്കാനായി സുൽത്താനയ്ക്ക്. മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി ചെയ്തിരുന്ന സുൽത്താന ഇപ്പോൾ ശ്രീകാര്യത്തിൽ ചിലങ്ക സ്കൂൾ ഓഫ് ആർട് എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് ഇവിടെ 300 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.
The star in the arena is lining up; Sultana Najib fulfilled the dreams of expatriates