കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതി ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. താൻ മാനസിക പ്രശ്നങ്ങളുളള ആളെന്നായിരുന്നു കോടതിയിൽ സന്ദീപിന്റെ വാദം. എന്നാൽ സന്ദീപിന് മാനസിക പ്രശ്നമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ മറികടക്കാൻ എയിംസിലെ മാനസിക നില പരിശോധന പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും കോടതി തള്ളി. കേസിലെ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ സുപ്രീംകോടതി നിർദേശം നൽകി.
സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തിരുന്നു. സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും കോടതിയിൽ സംസ്ഥാനം നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതി ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. കൂടാതെ ജാമ്യം നൽകുന്നത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുമെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യ ഹർജി തളളിയത്.
The Supreme Court rejected the bail plea of Sandeep, the accused in the case of killing Dr. Vandana Das.