പാലക്കാട്: പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം പൊതുദർശനത്തിനു എത്തിച്ചപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം നടക്കുക. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.
പൊതു ദർശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരുടെയും ഖബറടക്കം നടക്കുന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എം ബി രാജേഷ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും.
അങ്ങേയറ്റം ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ് കുട്ടികളുടെ വീടുകളിൽ നിന്നും പൊതു ദർശനം നടക്കുന്ന ഹാളിൽ നിന്നും കാണാനാകുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ദുഖം താങ്ങാനാകാതെ ഒരു നാടൊന്നാകെ പൊട്ടിക്കരയുകയാണ്. ഉറങ്ങിക്കിടക്കുന്ന കൂട്ടുകാരെ വിളിച്ചുണർത്തുന്നുവെന്നോണം പേര് വിളിച്ച് തേങ്ങുന്ന സഹപാഠികളുടെയും കൂട്ടുകാരുടെയും ദൃശ്യം കണ്ടുനിൽക്കാനാകുന്നതല്ല.
Read more: https://www.deshabhimani.com/news/kerala/karimba-palakkad-truck-accident-students-funeral-updates/1154957
Palakkad Kalladikode is the hometown to bid farewell to the children who died in the car accident. Beloved ones burst into tears; Karimba became a sea of sorrow.