ബെംഗളൂരു: ക്രിസ്തുമസ് ആവുന്നതിന് മുൻപ് തന്നെ പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ. കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള കോട്ടയം സ്വദേശിയായ 28കാരനാണ് അറസ്റ്റിലായത്. കാപ്പാ കേസ് പ്രതി കൂടിയായ അച്ചു സന്തോഷാണ് 318 കിലോയിലേറെ കഞ്ചാവുമായി ബെംഗളൂരുവിൽ അറസ്റ്റിലായത്. യുവതി അടക്കം രണ്ട് സഹായികളും ഇയാൾക്കൊപ്പം ബെംഗളൂരുവിൽ അറസറ്റിലായിരിക്കുന്നത്. ഗോവിന്ദപുര പൊലീസാണ് ഒഡീഷയിൽ നിന്ന് 3 കോടിയുടെ കഞ്ചാവുമായി എത്തിയ അച്ചു സന്തോഷിനേയും സഹായികളേയും അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് അച്ചു സന്തോഷ്. ബെംഗളൂരു സ്വദേശിയായ 29കാരൻ സമീർ ഖാൻ ഇയാളുടെ ഭാര്യയും 28കാരിയുമായ രേഷ്മ സമീർ ഖാനുമാണ് അറസ്റ്റിലായത്. 15ലേറെ കേസുകൾ അച്ചുവിനെതിരെയുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. അടുത്തിടെ ബെംഗളൂരുവിലെത്തിയപ്പോഴാണ് അച്ചു സന്തോഷ് സമീർ ഖാനെ പരിചയപ്പെടുന്നത്. പെട്ടന്ന് പണമുണ്ടാക്കാനും ബിസിനസ് കർണാടകയിലും വിപുലമാക്കാനുമുള്ള അച്ചുവിന്റെ ആശയത്തിൽ താൽപര്യം തോന്നിയതോടെ സമീറും ഇയാൾക്കൊപ്പം കൂടുകയായിരുന്നു. സമീറിന്റെ മാരുതി എർട്ടിഗയിൽ ഒഡിഷയിലെത്തി കഞ്ചാവുമായി മടങ്ങി വരുന്നതിനിടയിലാണ് ഇവർ പൊലീസ് പരിശോധനയിൽ കുടുങ്ങിയത്. കഞ്ചാവും ഇവർ ഉപയോഗിച്ച മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
A native of Kottayam and his accomplices were arrested in Bengaluru for preparing an intoxicating feast for the New Year celebrations.