കൊല്ലം : ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റൽ കോടതി രാജ്യത്ത് ആദ്യമായി കൊല്ലത്ത് തുടങ്ങി. സുപ്രീംകോടതിയുടെ ഇ-കോടതി നയത്തിന്റെ ഭാഗമായാണ് കടലാസ് രഹിത ഹൈബ്രിഡ് കോടതിയുടെ പ്രവർത്തനം. കൊല്ലം കലക്ടറേറ്റ് കെട്ടിട സമുച്ചയത്തിലെ രണ്ടാം നിലയിലാണ് ഡിജിറ്റൽ കോടതി. കൊല്ലത്തെ മൂന്നു മജിസ്ട്രേട്ട് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലും ഫയൽ ചെയ്യേണ്ട ചെക്ക് കേസുകൾ ഇനി ഇവിടേക്ക് ഫയൽ ചെയ്യാം. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് നിയമപ്രകാരം ചെക്ക് ബൗൺസ് ആയ കേസുകളാണ് കോടതി പരിഗണിക്കുന്നത്. നിശ്ചിത സമയം ഇല്ലാത്തതിനാൽ ഏത് സമയത്തും എവിടെ നിന്നും കേസ് ഫയൽ ചെയ്യാം. വാദിയും പ്രതിയും കോടതിയിൽ ഹാജരാകേണ്ടതില്ല. രേഖകൾ ഓൺലൈൻ മുഖേന അപ്ലോഡ് ചെയ്യണം. ജാമ്യമെടുക്കാൻ കക്ഷികളും ജാമ്യക്കാരും നേരിട്ട് ഹാജരാകണമെന്നില്ല. രേഖകൾ ഓൺലൈനായി അപ് ലോഡ് ചെയ്താൽ മതി.
മറ്റ് കോടതികളിൽ ഏകദേശം 30 ജീവനക്കാരാണ് വേണ്ടതെങ്കിൽ ഇവിടെ മജിസ്ട്രേറ്റും മൂന്നു ജീവനക്കാരും മാത്രമാണ് ഉള്ളത്. പൊലീസ് സ്റ്റേഷൻ, ട്രഷറി, തപാൽ തുടങ്ങിയവയുമായി കോടതിയെ ബന്ധിപ്പിച്ചിട്ടുണ്ട്. സമൻസ് ഉൾപ്പെടെ ഡിജിറ്റൽ ആണ്. ഇ പേയ്മെൻ്റ് മുഖേന ഫീസ് അടയ്ക്കണം. കോടതിയുടെ പ്രവർത്തനം അഭിഭാഷകരും പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഡിജിറ്റൽ കോടതിയുടെ ഉദ്ഘാടനം നടന്നത്.
The first digital court in the country started in Kollam.