---
title: "#koothattukulam | അമിത ലോഡുമായി ലോറികൾ; അപകട ഭീഷണി "
english_title: "#Overloaded #lorries; #Threat of #danger"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/248598/overloaded-lorries-threat-of-danger"
published_at: "2024-11-11T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731c120270c8_lorry.jpg"
keywords: []
---

# #koothattukulam | അമിത ലോഡുമായി ലോറികൾ; അപകട ഭീഷണി 

> **Lead Summary:** കൂത്താട്ടുകുളം : എംസി റോഡിൽ അമിത ലോഡുമായി എത്തുന്ന ലോറികൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി.

## Article Content

കൂത്താട്ടുകുളം : എംസി റോഡിൽ അമിത ലോഡുമായി എത്തുന്ന ലോറികൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി.

വെള്ളിയാഴ്ച മാത്രം അമിത ലോഡുമായി പോയ 3 ടിപ്പർ ലോറികൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തടി കയറ്റിയെത്തിയ മറ്റൊരു ലോറി നടുറോഡിൽ ചരിഞ്ഞത് അപകട ഭീഷണി ഉയർത്തി.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറിയുടെ പിൻഭാഗം ഉയർത്തിയ ശേഷം തടികൾ കുത്തി നിർത്തി സംരക്ഷണം ഒരുക്കി മറ്റൊരു ലോറിയിലേക്ക് ലോഡ് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിന് ഇവരിൽ നിന്നു പിഴ ഈടാക്കി.

അനുവദനീയമായതിനെക്കാൾ ഇരട്ടി ഉയരത്തിലാണ് പലപ്പോഴും ലോറികളിൽ ലോഡ് കയറ്റി പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഉയരത്തിൽ ലോഡ് കയറ്റിയ ലോറികളിൽ തട്ടി വൈദ്യുതി ലൈൻ പൊട്ടി വീഴുന്നതും പതിവാണ്.

നീളമുള്ള തടികൾ കയറ്റിയ ലോറികൾ വളവ് തിരിയുമ്പോൾ എതിരെ വരുന്ന വാഹനത്തിൽ തട്ടുന്ന സ്ഥിതിയാണ്. പല ലോറികളും പിൻഭാഗത്ത് മുന്നറിയിപ്പ് ലൈറ്റുകൾ ഘടിപ്പിക്കാറില്ലെന്നും പരാതിയുണ്ട്. പരിശോധന ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/248598/overloaded-lorries-threat-of-danger)