---
title: "#attack | മദ്യപിച്ച ശേഷം കുപ്പി പുരയിടത്തിലേക്കെറിഞ്ഞു; ചോദ്യംചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു"
english_title: "After #drinking, he #threw the bottle in the #backyard; The #questioned grade SI #entered the #house and #beat him up"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/246548/after-drinking-he-threw-the-bottle-in-the-backyard-the-questioned-grade-si-entered-the-house-and-beat-him-up"
published_at: "2024-11-01T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67245925c81c8_attack.jpg"
keywords: []
---

# #attack | മദ്യപിച്ച ശേഷം കുപ്പി പുരയിടത്തിലേക്കെറിഞ്ഞു; ചോദ്യംചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു

> **Lead Summary:** തിരുവനന്തപുരം: മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.

## Article Content

തിരുവനന്തപുരം: മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.

കുളത്തൂര്‍ നല്ലൂര്‍വെട്ടം ക്രിസ്തു നിവാസില്‍ സിറിള്‍(35), പോരന്നൂര്‍ പ്ലാമൂട്ടുക്കട കാര്‍ത്തികയില്‍ അബിന്‍(24), പോരന്നൂര്‍ നീരാഴിവിള പുത്തന്‍വീട്ടില്‍ ജിനേഷ് കുമാര്‍ (28) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. കരമന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ്‌കുമാറിനെയാണ് സംഘം വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

കാരോട് മുക്കോല ബൈപ്പാസിന് സമീപത്തായുള്ള സുരേഷ്‌കുമാറിന്റെ പുരയിടത്തിലേക്ക് മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്നത് പതിവാണ്. 

പലതവണ സുരേഷ് കുമാര്‍ ഇത് വിലക്കിയെങ്കിലും സംഘം മദ്യക്കുപ്പികള്‍ പതിവായി ഇവിടേക്ക് വലിച്ചെറിയുന്നത് തുടര്‍ന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സുരേഷ് കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ പുരയിടത്തിന് സമീപത്തായി ഈ സംഘം മദ്യകുപ്പികള്‍ വലിച്ചെറിയുന്നത് കണ്ടു.

തുടര്‍ന്ന് സുരേഷ് കുമാര്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സുരേഷ് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി വീട്ടിലേക്ക് പോയി.

എന്നാല്‍ പിന്നാലെ എത്തിയ പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി തന്നെ പുറത്തേക്ക് വലിച്ചിട്ട ശേഷം കരിങ്കല്ല് കൊണ്ട് ആക്രമിച്ചതായാണ് പാറശ്ശാല പോലീസില്‍ സുരേഷ് പരാതി നല്‍കിയത്. സുരേഷ് കുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പാറശ്ശാല പോലീസ് വിവിധയിടങ്ങളില്‍ നിന്ന് മൂന്ന് പ്രതികളെ പിടികൂടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/246548/after-drinking-he-threw-the-bottle-in-the-backyard-the-questioned-grade-si-entered-the-house-and-beat-him-up)