---
title: "#theft | ആക്രി വണ്ടിയിൽ പുത്തൻ പാത്രങ്ങളും പുതിയ നിർമാണ സാമഗ്രികളും ; ആളുകൾ കൂടിയതോടെ സ്ത്രീകളും മുങ്ങി"
english_title: "#New pots and new #building #materials in the #Akri #cart; As the #crowd #increased, so did the #women"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/238135/new-pots-and-new-building-materials-in-the-akri-cart-as-the-crowd-increased-so-did-the-women"
published_at: "2024-09-26T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4e850aa33a_theft6.jpg"
keywords: []
---

# #theft | ആക്രി വണ്ടിയിൽ പുത്തൻ പാത്രങ്ങളും പുതിയ നിർമാണ സാമഗ്രികളും ; ആളുകൾ കൂടിയതോടെ സ്ത്രീകളും മുങ്ങി

> **Lead Summary:** മുളന്തുരുത്തി : ആക്രി വണ്ടിയിൽ പുത്തൻ പാത്രങ്ങളും പുതിയ നിർമാണ സാമഗ്രികളും.

## Article Content

മുളന്തുരുത്തി : ആക്രി വണ്ടിയിൽ പുത്തൻ പാത്രങ്ങളും പുതിയ നിർമാണ സാമഗ്രികളും.

മുളന്തുരുത്തി പള്ളിത്താഴത്ത് ആക്രി ശേഖരിച്ചെത്തിയ വാഹനം പരിശോധിച്ചപ്പോഴാണു നാട്ടുകാർ ഞെട്ടിയത്. വീട്ടിലെ ഇഡ്ഡലിപ്പാത്രവും കഞ്ഞിക്കലവും പുതിയ ബക്കറ്റും അടക്കം പലരും കണ്ടെത്തി.

സംഭവം സാമൂഹിക മാധ്യമത്തിൽ ചർച്ച ആയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പാത്രങ്ങൾ നഷ്ടപ്പെട്ടവരും പാത്രങ്ങൾ തേടിയെത്തി.

ആക്രി ശേഖരിക്കാനെന്ന പേരിലെത്തിയ സ്ത്രീകൾ കടകളിൽ നിന്നു സാധനങ്ങൾ മോഷ്ടിച്ചതായി സംശയം തോന്നിയ വ്യാപാരി വാഹനം കണ്ടെത്തി നടത്തിയ പരിശോധനയിലാണു പാത്രങ്ങളും നിർമാണ സാമഗ്രികളും അടക്കം കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11.30നു നിർമാണം നടക്കുന്ന കടയിലെത്തിയപ്പോഴാണു സ്റ്റെയർ നിർമാണത്തിനു വാങ്ങിയ ഇരുമ്പ് പൈപ്പുകൾ അടക്കം കാണാനില്ലെന്നു ഉടമ മനസ്സിലാക്കിയത്.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പള്ളിത്താഴം ബവ്റിജസിനു സമീപം ആക്രിസാധനങ്ങൾ കയറ്റിവന്ന വാഹനവും ആറംഗ ഇതരസംസ്ഥാന സ്ത്രീകളെയും കണ്ടത്. വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണു പാത്രങ്ങളും വിലപിടിപ്പുള്ള നിർമാണ സാമഗ്രികളും കണ്ടെത്തിയത്.

ഉടൻ ഡ്രൈവർ സാധനങ്ങൾ ഇറക്കി വാഹനവുമായി കടന്നു. ആളുകൾ കൂടിയതോടെ സ്ത്രീകളും മുങ്ങി. തുടർന്നു നടന്ന അന്വേഷണത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നു സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്.

കാർ വർക് ഷോപ്പിൽ നിന്നു സ്ത്രീകൾ സാധനങ്ങൾ കടത്തുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. മേഖലയിൽ കൃഷിയിടങ്ങളിലെ മോട്ടറുകൾ മോഷണം പോകുന്നതു പതിവാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/238135/new-pots-and-new-building-materials-in-the-akri-cart-as-the-crowd-increased-so-did-the-women)