പറവൂർ : (piravomnews.in) മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ കയർ ദേഹത്തു മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം.
തത്തപ്പിള്ളിയിൽ താമസിക്കുന്ന വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാന്റേഷനിൽ മോഹൻകുമാർ (മോനു – 28) ആണ് മരിച്ചത്.
അനക്കമില്ലാതെ മോഹൻകുമാർ മരത്തിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് മൃതദേഹം മരത്തിൽ നിന്നു താഴെയിറക്കാനായത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ താലൂക്ക് ആശുപത്രി വളപ്പിലായിരുന്നു അപകടം. ആശുപത്രി അങ്കണത്തിൽ നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിക്കുകയായിരുന്നു മോഹൻകുമാർ. മുറിച്ച ശിഖരം സുരക്ഷിതമായി താഴേക്ക് കെട്ടി ഇറക്കാൻ മറ്റൊരു കൊമ്പിൽ കയർ കെട്ടിയിരുന്നു.
സ്വയരക്ഷയ്ക്ക് വേണ്ടി തന്റെ ദേഹത്ത് കെട്ടിയിരുന്ന കയറും ആ കൊമ്പിൽ തന്നെ കെട്ടി. മുറിച്ച കൊമ്പ് ഇറക്കുന്നതിനിടെ സുരക്ഷയ്ക്കായി കയർ കെട്ടിയിരുന്ന ശിഖരം കൂടി ഒടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്.
അതോടെ ദേഹത്ത് കെട്ടിയിരുന്ന കയർ മോഹൻകുമാറിനെ മരക്കൊമ്പിനോട് ചേർത്ത് ഞെരുക്കിക്കളഞ്ഞു. നെഞ്ചിന്റെ ഭാഗം വലിഞ്ഞു മുറുകിയതു മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ഒട്ടേറെയാളുകൾ ആശുപത്രി അങ്കണത്തിൽ തടിച്ചുകൂടി.
അപകടം നടന്ന ഉടനെ അഗ്നിരക്ഷാസേന എത്തിയെങ്കിലും മോഹൻകുമാർ മരക്കൊമ്പിൽ കുടുങ്ങിക്കിടന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. 3 ഉദ്യോഗസ്ഥർ മരത്തിൽ കയറി ഏറെ പണിപ്പെട്ടു മോഹൻകുമാറിനെ വല കൊണ്ടുള്ള ഒരു കൂടിന്റെ ഉള്ളിലാക്കി.
നാട്ടുകാരും അഗ്നിരക്ഷാസേന, പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു താഴെ മറ്റൊരു വലിയ വല വിരിച്ചു പിടിച്ചു. തുടർന്നു വലക്കൂടിന്റെ വശങ്ങളിൽ ഘടിപ്പിച്ചിരുന്ന കയർ പതിയെ അയച്ച് താഴേക്ക് ഇറക്കുകയായിരുന്നു. ഭാര്യ: അശ്വതി. മക്കൾ: ഋതിക, ഋഷിക, ഋഷ്‌വി.
#While #cutting the #branches of the tree, the #rope got #stuck on the #body and the #worker met a #tragic end