കൊച്ചി : (piravomnews.in) കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ആലത്തൂർ എസ്ഐയായിരുന്ന റെനീഷിനു ഹൈക്കോടതി കോടതിയലക്ഷ്യ നിയമപ്രകാരം രണ്ടുമാസം തടവ് വിധിച്ചു.
എന്നാൽ സമാന പ്രവൃത്തികളിൽ ഏർപ്പെടരുതെന്നു വ്യവസ്ഥ ചെയ്തു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശിക്ഷ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു. സംഭവത്തിൽ എസ്ഐ ഹൈക്കോടതിയിൽ നേരത്തെ നിരുപാധികം മാപ്പു പറഞ്ഞിരുന്നു.
ഭാവിയിൽ കൂടുതൽ പ്രഫഷനലായും മാന്യമായും പെരുമാറുമെന്ന ഉറപ്പും നൽകി. എന്നാൽ മാപ്പപേക്ഷിച്ചെന്ന പേരിൽ മാത്രം തുടർ നടപടികൾ അവസാനിപ്പിക്കേണ്ടതില്ലെന്ന സുപ്രീം കോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ഉത്തരവ്.
സംഭവ സമയം സ്ഥലത്തില്ലായിരുന്നു എന്ന കാരണത്താൽ ആലത്തൂർ സർക്കിൾ ഇൻസ്പെക്ടർ ടി.എൻ.ഉണ്ണിക്കൃഷ്ണനെതിരെയുള്ള കോടതിയലക്ഷ്യ നടപടി ഹൈക്കോടതി ഒഴിവാക്കിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവുമായെത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോട് അപമര്യാദയായി പെരുമാറുകയും വാഹനം വിട്ടുകൊടുക്കാതെ ഉത്തരവു ലംഘിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം.
ജനുവരിയിലായിരുന്നു സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. തുടർന്നായിരുന്നു വിഷയം ഹൈക്കോടതിയിലെത്തിയത്. എസ്ഐയെ സ്ഥലം മാറ്റിയിരുന്നു.
സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ ഓൺലൈനിലൂടെ ഹാജരായിരുന്നു.
#Contempt of #court: #SI #sentenced to two #months #imprisonment; #Suspended for one year