---
title: "#arrest | ടിക്കറ്റെടുക്കില്ല, കണ്ടക്ടർക്കെതിരെ അസഭ്യം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; പിന്നാലെ അറസ്റ്റ്"
english_title: "Not taking #tickets, #insulting the #conductor, #breaking the glass of the bus; #Arrest #followed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/231879/not-taking-tickets-insulting-the-conductor-breaking-the-glass-of-the-bus-arrest-followed"
published_at: "2024-08-29T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cff4f09eb77_arrest.jpg"
keywords: []
---

# #arrest | ടിക്കറ്റെടുക്കില്ല, കണ്ടക്ടർക്കെതിരെ അസഭ്യം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; പിന്നാലെ അറസ്റ്റ്

> **Lead Summary:** കൊല്ലം: ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുകയും ബസിന്റെ ചില്ല് എറിഞ്ഞുതകർക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

## Article Content

കൊല്ലം: ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുകയും ബസിന്റെ ചില്ല് എറിഞ്ഞുതകർക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

ശക്തികുളങ്ങര മീനത്തുചേരി പുത്തൻ കന്നിട്ടയിൽ മാർട്ടിൻ (28) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി ഒൻപതരയ്ക്കാണ് സംഭവം. തെക്കുംഭാഗം-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കാവനാട് ജങ്ഷനിൽനിന്ന്‌ മാർട്ടിൻ കയറി.

കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മാർട്ടിൻ ടിക്കറ്റെടുക്കില്ലെന്നു പറഞ്ഞ്‌ കണ്ടക്ടറെ അസഭ്യം പറഞ്ഞു. തുടർന്ന് ബസ് വള്ളിക്കീഴ് ജങ്ഷനിൽ നിർത്തി ഇയാളെ ഇറക്കിവിട്ടു.

ഇതിൽ പ്രകോപിതനായ മാർട്ടിൻ റോഡിൽ കിടന്ന കല്ലെടുത്ത് ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.

ബസിന്റെ ചില്ല് തകർക്കുകയും തുടർന്നുള്ള ട്രിപ്പ് മുടങ്ങിയതിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് അൻപതിനായിരത്തോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്‌.

ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. സജയൻ, സി.പി.ഒ. മനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/231879/not-taking-tickets-insulting-the-conductor-breaking-the-glass-of-the-bus-arrest-followed)