---
title: "#elephantdeath | പൂയംകുട്ടി–-പിണ്ടിമേട് വനമേഖലയിൽ മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി"
english_title: "#Pooyamkutty--#Carcases of three #wild #elephants were #found in #Pindimedu #forest #area"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/230553/pooyamkutty-carcases-of-three-wild-elephants-were-found-in-pindimedu-forest-area"
published_at: "2024-08-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c85cd1a29cf_elephant.jpg"
keywords: []
---

# #elephantdeath | പൂയംകുട്ടി–-പിണ്ടിമേട് വനമേഖലയിൽ മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി

> **Lead Summary:** കോതമംഗലം : പൂയംകുട്ടി–-പിണ്ടിമേട് വനമേഖലയിൽ വിവിധഭാഗങ്ങളിൽ മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി.

## Article Content

കോതമംഗലം : പൂയംകുട്ടി–-പിണ്ടിമേട് വനമേഖലയിൽ വിവിധഭാഗങ്ങളിൽ മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി.

വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. 10 മുതൽ 15 വയസ്സുവരെ തോന്നിക്കുന്ന പിടിയാനകളുടെ ജ‍ഡമാണ് വനംവാച്ചർമാർ പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ആഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പൂയംകുട്ടി തോളുനടയ്‌ക്കുസമീപമുള്ള വനത്തില്‍ പാറയിടുക്കില്‍ കാൽകുടുങ്ങി താഴേക്ക് ചരിഞ്ഞുവീണനിലയിലാണ് ആദ്യ ജഡം കണ്ടത്.

ഇവിടെനിന്ന്‌ രണ്ട് കിലോമീറ്റര്‍ മാറി പൂയംകുട്ടി പുഴയ്‌ക്ക് അക്കരെ രണ്ടാമത്തെ ആനയുടെയും ഇവിടെനിന്ന്‌ രണ്ടു കിലോമീറ്റര്‍ മാറി മൂന്നാമത്തെ ആനയുടെ ജഡവും കണ്ടെത്തി. കൊമ്പ​ന്റെ ആക്രമണത്തിലാണ് മറ്റു ആനകൾ ചരിഞ്ഞതെന്ന് സൂചനയുണ്ട്.

ആന്തരികാവയവങ്ങൾ പരിശോധിച്ചാലേ കൂടുതൽ വിവരം ലഭ്യമാകൂ. ആദ്യം കണ്ടെത്തിയ രണ്ട് ജഡങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഉൾക്കാട്ടിലുള്ള ജഡം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.

സിസിഎഫ് ഡോ. അടൽ അരശ്, മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, അസി. വെറ്ററിനറി ഓഫീസർ എൻ അനുമോദ്, കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സൻജീവ് എന്നിവര്‍ സ്ഥലം പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/230553/pooyamkutty-carcases-of-three-wild-elephants-were-found-in-pindimedu-forest-area)