കഥ; തലയ്ക്കുമീതേ സ്വപ്നഭൂമി

കഥ; തലയ്ക്കുമീതേ സ്വപ്നഭൂമി
Aug 7, 2024 05:42 PM | By mahesh piravom

കഥ.... തലയ്ക്കുമീതേ സ്വപ്നഭൂമി (Dreamland over the head)

കേരളാ പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഡിറ്റക്റ്റീവ് ജോൺ ജേക്കബ്സ് ഇളം നിറത്തിലുള്ള മഴക്കോട്ടും നീണ്ട ബൂട്ട്സുമിട്ടുകൊണ്ടു നദിയോരത്തെ ചെളിയിലൂടെ നടന്നു. ഒരു രാത്രിയുടെ മറവിൽ ഉരുൾപൊട്ടലിൻ്റെ രൂപത്തിൽ മരണം വയനാട്ടിലെയാ ചെറുപട്ടണത്തെ തകർത്തുകൊണ്ടു പോയപ്പോൾ കണ്ണീർവരണ്ട ജീവിതസ്വപ്നങ്ങളുടെയും നിരാശയുടെയും പാറക്കൂട്ടങ്ങൾ മാത്രം അവശേഷിപ്പിച്ചു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ മറുകരയിൽ പോയിവന്നു ഇരുകരകളിലെയും മനുഷ്യനാശത്തിൻ്റെ വ്യാപ്തിയുടെ കണക്കെടുപ്പു നടത്തി. തൻ്റെ ശരീരത്തൊട്ടിയ മഴക്കോട്ടിൽ വന്നു പതിക്കുന്ന ചാറ്റൽ മഴത്തുള്ളികളെക്കാൾ മൂർച്ചയുണ്ടായിരുന്നു മനസ്സിൽ തറയ്ക്കുന്ന കാഴ്ചകൾക്ക്. അസ്ഥിവാരമായ സ്കൂൾ കെട്ടിടത്തിലേക്കയാൾ മരവിപ്പോടെ നോക്കിനിന്നു. "നാട്ടുകാരോടു ചോദിച്ചറിഞ്ഞ കാര്യങ്ങൾ പറയൂ ഇൻസ്പെക്ടർ?" ജേക്കബ്സ് സഹപ്രവർത്തകനായ ഇൻസ്പെക്ടർ രാജനോട് ആവശ്യപ്പെട്ടു. “എല്ലാവരും ഞെട്ടലിലാണു സാർ,” രാജൻ മറുപടി പറഞ്ഞു. "സംഭവദിവസം പുലർച്ചെ രണ്ടു മണിയോടെയാണ് ആദ്യമണ്ണിടിച്ചിലുണ്ടായത്. പിന്നീട് നാലുമണിക്ക് രണ്ടാമതും. കുറഞ്ഞതു 200 പേരെയെങ്കിലും കാണാതായതായി റിപ്പോർട്ടുകൾ ലഭിച്ചു. കുറച്ചുപേർ ക്യാമ്പുകളിലുണ്ട്. ഇനിയുള്ള തങ്ങളുടെ ഭാവിയോർത്ത് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടു ക്യാമ്പിൽ കഴിയുന്ന പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്." ജേക്കബ്സ് ഭയങ്കരമായി തലയാട്ടി. "ഇതെല്ലാംതന്നെ മാധ്യമങ്ങൾ നൽകിയ വിവരങ്ങളാണ്. നമുക്ക് നമ്മുടെ ജോലി ആരംഭിക്കാം. എനിക്കു നാട്ടുകാരോടു സംസാരിക്കണം. ആരെങ്കിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടോ കേട്ടോ എന്നന്വേഷിച്ചു നോക്കുക." നാട്ടിലെ ചായക്കടയിൽ വച്ച് ജേക്കബ്സ് ദൃക്‌സാക്ഷികളുമായി കൂടിക്കാഴ്ച നടത്തി. "കർക്കിടകരാത്രിയിൽ ചൂരൽമല ഒരു ഇലപോലെ വിറച്ചു കുലുങ്ങുന്നതു ഞാനറിഞ്ഞു" മലമുകളിലെ സ്ഥലത്തെ കർഷകനായ ഒരു സാക്ഷി പറഞ്ഞു. "കനത്ത മഴ പ്രതീക്ഷിച്ചതു കൊണ്ടു ഉറക്കം വന്നില്ല. കന്നുകാലികൾ ബഹളം വെച്ചുകൊണ്ടിരുന്നു. ഒന്നര രണ്ടു മണിയോടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇടിമുഴങ്ങി. ദൂരെ നിന്ന് മരങ്ങൾ കടപുഴകി വീഴുന്ന ശബ്ദം കേട്ടു. ആളുകളുടെ നിലവിളി ഉയർന്നു കേൾക്കാമായിരുന്നു. കുറേപേരൊക്കെ മലമുകളിലേക്ക് ഓടി കാപ്പിത്തോട്ടങ്ങളിൽ കയറി. നാട്ടുകാർ പരസ്പരം രക്ഷപ്പെടുത്തുവാൻ ഉത്സാഹിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ഉരുൾപൊട്ടൽ അങ്ങാടിവരെ എത്താത്തതിനാൽ നാട്ടുകാരായ ചെറുപ്പക്കാർ കിട്ടിയ വാഹനങ്ങളിൽ ആളുകളെ ദുരന്ത മുഖത്തുനിന്നു മാറ്റുമ്പോൾ രണ്ടാമത്തെ ഇടിമുഴക്കം കേട്ടു . വീടിനു വെളിയിൽവെച്ചു കാട്ടുമൃഗങ്ങളെ തുരത്താനുപയോഗിക്കാറുള്ള ശക്തിയുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ വാനോളം പൊക്കത്തിൽ വെള്ളമുയർന്നു താഴ് വാരത്തേക്കു വരുന്നതു ഞാൻ കണ്ടു. അടുത്തുള്ള ആൽമരത്തിൻ്റെ മുകളിലേക്കു കയറിനിന്നശേഷം തലയ്ക്കു മുകളിലായി നീണ്ടുനിന്ന മരക്കൊമ്പിൽ പിടിച്ചു ഞാൻ തൂങ്ങിനിന്നു. ഉരുൾപൊട്ടി വന്നതെന്റെ എതിർ വശത്തായിരുന്നു. തള്ളിക്കറിയ ചെളി മാത്രമാണു വന്നു പതിച്ചത്. മേലാകെ ചെളി ഒഴുകി. ഞാൻ കഷ്ടിച്ചു ജീവനും കൊണ്ടു രക്ഷപ്പെട്ടു.

നാട്ടുകാരെ രക്ഷപെടുത്താൻപോയ ജീപ്പും ഒലിച്ചുപോയി" "ഇൻസ്പെക്ടറോടു പറഞ്ഞതുപോലെ നിങ്ങൾ അസ്വാഭാവികമായി എന്തെങ്കിലും അന്നു വൈകുന്നേരം കണ്ടോ?" ജേക്കബ്സ് ചോദിച്ചു. സാക്ഷി മടിച്ചു. "തലേദിവസം അങ്ങാടിയിൽ ചില അപരിചിതർ ഉണ്ടായിരുന്നു. പച്ചക്കറി വിപണിയുടെ സമീപത്തു വച്ചവരെ കണ്ടപ്പോൾ പുഞ്ചിരിമലയെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. അവർ വിനോദസഞ്ചാരികൾ മാത്രമാണെന്ന് ഞാൻ കരുതി, പക്ഷേ ഇപ്പോൾ എനിക്കത്ര ഉറപ്പില്ല. കാരണം ഞാനവരെ സന്ധ്യക്ക് ചൂരൽ മലയുടെ മുകളിലേക്കു കയറി പോകുന്നതായി കണ്ടു. അവിടേക്കു സാധാരണയായി നേരംവൈകി അന്യനാട്ടുകാരാരും പോകാറില്ല" ജേക്കബിൻ്റെ കണ്ണുകൾ ഇടുങ്ങി. "അപരിചിതർ? അവർ എങ്ങനെയുണ്ടായിരുന്നു?" സാക്ഷി താൻ കണ്ട പുരുഷന്മാരെ വിവരിച്ചു, ജേക്കബ്സിൻ്റെ മനസ്സ് സാധ്യതകളാൽ കുതിച്ചു. "അവർ മറ്റെന്തെങ്കിലും പ്രത്യേകമായി പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടോ?" സാക്ഷി ഒരു നിമിഷം ആലോചിച്ചു. "അവരിൽ ചിലർ വേറെ ഭാഷക്കാരായിരുന്നു. ' ഊപ്പർ ഹൽക്കി മിട്ടി ' എന്നൊക്കെ പറയുന്നത് കേട്ടു. അന്ന് ഞാൻ അതിനെക്കുറിച്ചു കൂടുതലൊന്നും ചിന്തിച്ചില്ല. പക്ഷേ അവർ ഉരുൾപൊട്ടലിൽ പെട്ടിരുന്നോ എന്ന സംശയത്തിൽ അവർ പറഞ്ഞ വാക്കുകൾ ചായക്കടയിലെ അന്യസംസ്ഥാന തൊഴിലാളിയോടു ചോദിച്ചു അർത്ഥം മനസ്സിലാക്കിയപ്പോൾ 'മിട്ടി' മണ്ണാണെന്നു മനസ്സിലായി. അവരും ഉരുൾപൊട്ടലിൽ പെട്ടു പോയതായി തോന്നുന്നു." അയാൾ പറഞ്ഞു നിർത്തി. "എൻ്റെ സാറേ" പ്രായമുള്ളൊരു സ്ത്രീ കരഞ്ഞുകൊണ്ടു പറഞ്ഞു തുടങ്ങി. "ഞാനും കൊച്ചുമോളും പുഞ്ചിരിമലയുടെ മുകളിലാണു താമസിച്ചിരുന്നതു. ആദ്യത്തെ പൊട്ടലിൽ രക്ഷപെടാനോടിയ ഞങ്ങൾ കാട്ടുകൊമ്പൻ്റെ മുമ്പിലാണു ചെന്നുപെട്ടതു. അതിനോടു ഞങ്ങൾ ഉപദ്രവിക്കല്ലേയെന്നു കരഞ്ഞു വിളിച്ചു പറഞ്ഞപ്പോൾ അതു ഞങ്ങളുടെ അടുത്തുവന്നുനിന്നു. ആരൊക്കെയോ അതുവഴി വെളിച്ചവുമായി പോകുന്നതു കണ്ടിരുന്നു. പക്ഷേ അവരെയൊന്നു വിളിക്കാനുള്ള ശക്തിയില്ലായിരുന്നു ഞങ്ങൾക്ക്. ആനയാകട്ടെ ഞങ്ങളെ ഉപദ്രവിക്കാതെ, രാവിലെ രക്ഷകർ വരുന്നതുവരെ ഞങ്ങൾക്കു കാവൽ നിന്നു". അവർ കൈകൂപ്പി. ജേക്കബ്സ് സാക്ഷികൾക്കു നന്ദി പറഞ്ഞുകൊണ്ടു രാജൻ്റെ നേരെ തിരിഞ്ഞു. "എല്ലാ ചെക്ക് പോസ്റ്റ് യൂണിറ്റുകളിലേക്കും ആ സംഘത്തിൻ്റെ ഒരു വിവരണം തേടുക. അവർ ആരാണെന്നും അവർ ഇവിടെ എന്താണു ചെയ്യുന്നതെന്നും എനിക്കറിയണം." ബേസ് സ്റ്റേഷനിൽ തിരിച്ചെത്തിയ ജേക്കബ്സ് ജിയോളജിസ്റ്റ് ഡോ. മരിയയുമായി കൂടിക്കാഴ്ച നടത്തി. "എന്താണ് ഇത്ര തീവ്രമായ മണ്ണിടിച്ചിലിനു കാരണം ഡോക്ടർ?" അയാൾ ചോദിച്ചു. "ഇത് പൂർണ്ണമായി സ്വാഭാവികമല്ല," ഡോക്ടർ മരിയ മറുപടി പറഞ്ഞു. "മണ്ണിൽ കൃത്രിമം നടന്നിട്ടുണ്ട്. ഉത്ഭവ സ്ഥലത്തിൻ്റെ പരിസരത്തു മണ്ണിൻ്റെ ഘടനയിൽ രാസമാറ്റത്തിൻ്റെ തെളിവുകൾ ഞാൻ കണ്ടെത്തി. എന്നാൽ ഡാറ്റ വിശകലനം ചെയ്യാനും എൻ്റെ കണ്ടെത്തലുകൾ സ്ഥിരീകരിക്കാനും എനിക്കു കൂടുതൽ സമയം ആവശ്യമാണ്." ജേക്കബ്സ് തലയാട്ടി. "അതിനായി പ്രവർത്തിക്കുന്നതു തുടരുക. ഡോക്ടർ, എനിക്കു പോലീസ്ചീഫിൻ്റെ അടുത്തേക്കു കൊണ്ടുപോകാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണ്." ഡോ.മരിയ തലയാട്ടി തൻ്റെ ജോലി തുടർന്നു.

അതേസമയം, സ്ഥലത്തെ ഖനന പ്രവർത്തനത്തെക്കുറിച്ചന്വേഷിക്കാൻ ജേക്കബ്സ് ഒരു സംഘത്തെ വിളിച്ചുകൂട്ടി. അന്വേഷണത്തിലവർ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ കണ്ടെത്തി. ഒടുവിൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാറഖനി ഉടമ ശ്രീകുമാറിനെ ഒളിയിടത്തിൽനിന്നു കണ്ടെത്തി. സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിനയാൾ ഉത്തരവാദിയാണെന്നും ജേക്കബ്ബ്സ് ആരോപിച്ചു. "നിങ്ങൾക്കതു തെളിയിക്കാൻ കഴിയില്ല." ശ്രീകുമാർ പരിഹസിച്ചു പക്ഷേ ജേക്കബ്സിൻ്റെ പക്കൽ തെളിവുണ്ടായിരുന്നു. ശ്രീകുമാറിൻ്റെ ഖനിയിലും മണ്ണിൻ്റെ രാസമാറ്റം സ്ഥിരീകരിക്കുന്ന ഡോ.മരിയയുടെ റിപ്പോർട്ട് ഉൾപ്പെടെ അവർ കണ്ടെത്തിയ തെളിവുകൾ അദ്ദേഹം അയാളെ കാണിച്ചു. ശ്രീകുമാറിൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. "ഞാൻ...അത്...അങ്ങനെ സംഭവിക്കണമെന്നു ഞാൻ ഉദ്ദേശിച്ചിട്ടില്ല." ശ്രീകുമാർ പല കാര്യങ്ങളും പറഞ്ഞു ന്യായീകരിച്ചു രക്ഷപെടാൻ നോക്കി പരാജയപ്പെട്ടു. ജേക്കബ്സ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ മനസ്സിലായതു ശ്രീകുമാർ വയനാട്ടിലാകെ ചില ധാതുക്കളുടെ ഖനനം മാത്രമല്ല, ഊർജ്ജ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള ഒരു പ്രത്യേക രാസസംയുക്തത്തിൻ്റെപരീക്ഷണവും നടത്തിയിട്ടുണ്ട്. സംയുക്തത്തെക്കുറിച്ചുള്ള ഗവേഷണത്തിനദ്ദേഹം രഹസ്യമായി ധനസഹായം നൽകി. പുതിയ കണ്ടുപിടുത്തം ആദ്യം വിപണിയിലെത്താൻ ആവശ്യമായതെല്ലാം ചെയ്യാൻ ശ്രീകുമാർ തയ്യാറായിരുന്നു.പരീക്ഷണത്തിനിടയിൽ ദുരന്തം വരുത്തിവെച്ചതാണെന്നു ശ്രീകുമാർ മൊഴിനൽകി. ജിയോ ടൂറിസ്റ്റുകകളുടെ ചില പഠനകാര്യങ്ങളിൽ സഹായിക്കുക മാത്രമാണു ചെയ്തതെന്നു അയാൾ വാദിച്ചു നോക്കി. പക്ഷേ പോലിസ് നടത്തിയ ഗൗരവമായ ചോദ്യംചെയ്യലിൽ ശ്രീകുമാർ കുറ്റം സമ്മതിച്ചു. "ഞങ്ങൾ ഞങ്ങളുടെ ആശയദളത്തിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുകയായിരുന്നു." "ലക്ഷ്യങ്ങൾ?" ജേക്കബ്സ് ആവർത്തിച്ചു. " നിശബ്ദമായ വിപ്ലവങ്ങൾ ചാപിള്ളയായ ആശയങ്ങൾ മാത്രമാണ്. ഭരണകൂടത്തിന്റെ മൂടിക്കെട്ടിയ കണ്ണുതുറപ്പിക്കുവാൻ വലുതായി എന്തെങ്കിലും ചെയ്യണം" ശ്രീകുമാറിന്റെ കണ്ണുകൾ തിളങ്ങി. "നിരപരാധികളെ കൊല്ലുന്നതിനെ നിങ്ങൾ 'ലക്ഷ്യം' എന്നു വിളിക്കുന്നോ? അധികാരക്കൊതിമൂത്ത രാഷ്ട്രീയ കോമരങ്ങൾ തന്നെയാണതിനു പിന്നിലെന്നു തിരിച്ചറിയാൻ നിങ്ങൾക്കാകുന്നില്ലല്ലോ" ജേക്കബ്സ് യുവജനനേതാവിനെപ്പോലെ ആക്രോശിച്ചു. യഥാർത്ഥത്തിൽ തൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ നശിപ്പിക്കാനും അയാളുടെ പൊയ്മുഖം തുറന്നുകാട്ടാൻ കഴിയുന്ന ആരെയും നിശബ്ദരാക്കാനുള്ള ഒരു ക്രൂരമാർഗവുമായിരുന്നു മണ്ണിടിച്ചിൽ. “നിങ്ങൾ മനുഷ്യൻ്റെ ജീവനു മുകളിൽ ലാഭം കുറിവെച്ചിരിക്കുന്നു” ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ പരിഭ്രാന്തനായ ജേക്കബ്സ് ശ്രീകുമാറിനെ ഇടിച്ചു വീഴ്‌ത്തുന്നതിനിടയിൽ ആക്രോശിച്ചു. "ഞാൻ ചെയ്യേണ്ടതു ഞാൻ ചെയ്തു. ഞാൻ ഒരു ദർശകനാണ്. നിങ്ങൾ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഡിറ്റക്റ്റീവാണ്. ഞാൻ ഭാവി കാണുന്നു, അവിടെയെത്താൻ ആവശ്യമായതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്." വീണുകിടന്ന ശ്രീകുമാർ നിസംഗഭാവത്തിൽ പറഞ്ഞു. ജേക്കബ്സ് തലയാട്ടി. "നീ ഒരു രാക്ഷസനാണ് കുമാർ. നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ഈ ഭൂമിയിൽ നിന്നു തുടച്ചുനീക്കിയ നീയതിനനുഭവിക്കുവാൻ പോകുകയാണ്." ജേക്കബ്സ് ശ്രീകുമാറിനെ ഇരുട്ടറയിൽ തള്ളി വാതിലടച്ചു.

മുറിക്കുള്ളിൽ നിന്ന് ശ്രീകുമാറിന്റെ ഉറക്കെയുള്ള നിലവിളി ഉയർന്നു. "ഈ ഗൂഢാലോചനയിൽ വേറെ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നറിയണം" ജേക്കബ്സ് രാജനോടു പറഞ്ഞു. "ശ്രീകുമാറിൻ്റെ പദ്ധതികളെക്കുറിച്ചു വേറെ ആർക്കൊക്കെ അറിയാമെന്നെനിക്കറിയണം." രാജൻ തലയാട്ടി. "ഞാൻ അന്വേഷിക്കാം സാർ." കൂടുതലന്വേഷിച്ചപ്പോൾ, ശ്രീകുമാറിൻ്റെ പ്രവർത്തനം രാജ്യാന്തര ഗൂഢാലോചനയാണെന്നവർ കണ്ടെത്തി. പ്രകൃതി വിഭവങ്ങൾ സ്വന്തം നേട്ടത്തിനായി ചൂഷണം ചെയ്യാൻ ചില കമ്പനികൾ, വ്യക്തികൾ, നിരോധിത സംഘടനകൾ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുന്നു. “ഇത് നമ്മൾ വിചാരിച്ചതിലും വലുതാണ്,” ജേക്കബ്സ് രാജനോട് പറഞ്ഞു. "നമുക്കു ചീഫിനെ വിവരങ്ങൾ ധരിപ്പിക്കാം." രാജൻ തലയാട്ടി. "മാധ്യമങ്ങളോടു അത്യാവശ്യ കാര്യങ്ങൾമാത്രം ചുരുക്കി പറയാം സാർ." പോലീസ് ചീഫ് അവരുടെ റിപ്പോർട്ടു ശ്രദ്ധിച്ചു വായിച്ചു. അയാളുടെ മുഖം കൂടുതൽ വഷളായി. “നമ്മൾ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. "ഇതിൽനിന്നവരെ രക്ഷപ്പെടാൻ നമ്മൾ അനുവദിക്കരുത്." ജേക്കബ്സ് തലയാട്ടി. "അതേ സാർ. നമുക്കു തണ്ടർബോൾട്ടിൻ്റെ രഹസ്യ ഓപ്പറേഷൻ പ്ലാൻ ചെയ്യണം" പോലീസ്മേധാവി തലയാട്ടി. "അതിനുള്ള നടപടികൾ ചെയ്യൂ." അതോടെ, ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ജേക്കബ്സും സംഘവും പുറപ്പെട്ടു. കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്നു കൃത്യം നടത്തിയവരെ തണ്ടർബോൾട്ട് കമാൻഡോകളുടെ വിജയകരമായ ഓപറേഷനിലൂടെ അറസ്റ്റ് ചെയ്തു. ഒരാൾ കൊല്ലപ്പെട്ടു. രഹസ്യാന്വേഷണം തുടർന്ന ജേക്കബ്സ് ഗൂഢാലോചനയുടെ സൂത്രധാരനിലേക്കെത്തി. നിരോധിത സംഘടനകളുമായി ബന്ധമുള്ള സമ്പന്നനായൊരു യുവ വ്യവസായി. രഹസ്യമായി അയാളുടെ താവളത്തിൽ കടന്ന ജേക്കബ്സ് അയാൾക്കു നേരെ തോക്കുചൂണ്ടി. വ്യവസായി പരിഹസിച്ചു. "നിങ്ങൾക്കെന്നെ ഒരിക്കലും തൊടാനാവില്ല, എനിക്ക് വളരെയധികം സ്വാധീനശക്തിയുണ്ട്." ജേക്കബ്സ് പുഞ്ചിരിച്ചു. "നമുക്കു കാണാം." "യുവവ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. തൻ്റെ സ്വത്തുക്കളെല്ലാം സംഭാവനയായി ദുരിതാശ്വാസ ഫണ്ടിലേക്കെഴുതിവെച്ച ശേഷമായിരുന്നു മരണം" , പിറ്റേന്ന് പത്രങ്ങളിൽ വാർത്ത വന്നു. 

റോഷൻ പനവേലി

Dreamland over the head

Next TV

Related Stories
#pocso | പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Sep 14, 2024 07:15 AM

#pocso | പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ...

Read More >>
#criminals | ഇനി കുറ്റകൃത്യത്തിൽ ഉൾപ്പെടില്ലെന്ന്‌ പൊലീസുമായി ബോണ്ട്‌ ഒപ്പിട്ടത്‌ നാനൂറോളം കുറ്റവാളികൾ

Sep 14, 2024 07:00 AM

#criminals | ഇനി കുറ്റകൃത്യത്തിൽ ഉൾപ്പെടില്ലെന്ന്‌ പൊലീസുമായി ബോണ്ട്‌ ഒപ്പിട്ടത്‌ നാനൂറോളം കുറ്റവാളികൾ

ബോണ്ട്‌ ഒപ്പിടേണ്ട കുറ്റവാളികളുടെ റിപ്പോർട്ട്‌ പൊലീസ്‌ സ്‌റ്റേഷൻ ചുമതലയുള്ള ഇൻസ്‌പെക്ടർ എസിപിക്ക്‌ നൽകും. എസിപിയാണ്‌ ഇത്‌ സബ്‌ ഡിവിഷണൽ...

Read More >>
#onlinescam | എംഎൽഎയുടെ പക്കൽനിന്ന് ഓൺലൈൻവഴി പണം തട്ടാൻ ശ്രമം

Sep 14, 2024 06:51 AM

#onlinescam | എംഎൽഎയുടെ പക്കൽനിന്ന് ഓൺലൈൻവഴി പണം തട്ടാൻ ശ്രമം

കോള്‍ കട്ട് ചെയ്തശേഷം സബീന ഭർത്താവായ അൻവർ സാദത്തിനെയും മകളെയും വിവരമറിയിച്ചു. പാകിസ്ഥാനില്‍നിന്നാണ് എന്ന രീതിയിലാണ് എംഎല്‍എയുടെ ഭാര്യക്ക്‌...

Read More >>
#Tripunithura | ഓണാവേശത്തിൽ തൃപ്പൂണിത്തുറ

Sep 14, 2024 06:40 AM

#Tripunithura | ഓണാവേശത്തിൽ തൃപ്പൂണിത്തുറ

മൂവാറ്റുപുഴ ബഥനിപ്പടി കോളാതുരുത്ത് കുണ്ടുവേലിൽ രാജപ്പന്റെ മകൻ അഖിലാണ് വ്യത്യസ്ത ഓണത്തപ്പന്മാരെ...

Read More >>
#ExciseRaid | മാമലക്കണ്ടത്ത് എക്സൈസ് റെയ്ഡ്: വാറ്റുകേന്ദ്രം തകർത്തു

Sep 13, 2024 08:36 PM

#ExciseRaid | മാമലക്കണ്ടത്ത് എക്സൈസ് റെയ്ഡ്: വാറ്റുകേന്ദ്രം തകർത്തു

മാമലക്കണ്ടത്തെ മുനിപ്പാറയിലെ കുത്തനെയുള്ള മലയിടുക്കിലെ വെള്ളച്ചാലിലാണ് വാറ്റുകേന്ദ്രം...

Read More >>
#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി ; ആദ്യ മത്സരം തിരുവോണ ദിനത്തിൽ

Sep 13, 2024 08:10 PM

#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി ; ആദ്യ മത്സരം തിരുവോണ ദിനത്തിൽ

മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധകർക്കിടയിൽ മതിപ്പുണ്ടാക്കിയേ...

Read More >>
Top Stories