---
title: "#road | റോഡിൽ ഉണങ്ങിയ മരങ്ങൾ അപകടഭീഷണിയാകുന്നു"
english_title: "#Dry #trees on the #road are #dangerous"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/225175/dry-trees-on-the-road-are-dangerous"
published_at: "2024-08-03T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66adadaf27bec_tree.jpg"
keywords: []
---

# #road | റോഡിൽ ഉണങ്ങിയ മരങ്ങൾ അപകടഭീഷണിയാകുന്നു

> **Lead Summary:** **കോലഞ്ചേരി : ** പട്ടിമറ്റം–--മൂവാ​റ്റുപുഴ റോഡിൽ ഉണങ്ങിയ മരങ്ങൾ അപകടഭീഷണിയാകുന്നു.

## Article Content

**കോലഞ്ചേരി : ** പട്ടിമറ്റം–--മൂവാ​റ്റുപുഴ റോഡിൽ ഉണങ്ങിയ മരങ്ങൾ അപകടഭീഷണിയാകുന്നു.

ഞാറള്ളൂർ മില്ലുംപടിയിലും പട്ടിമ​റ്റം പെട്രോൾ പമ്പിനുസമീപവും ഏതു നിമിഷവും നിലംപൊത്തുംവിധം ചിതലെടുത്ത മരങ്ങളാണ് ഭീഷണിയായി നിൽക്കുന്നത്. രാപകലില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന റോഡാണിത്.

ഞാറള്ളൂർ മില്ലുംപടി ജങ്‌ഷനിൽ മൂന്നു മരങ്ങൾ ഉണങ്ങിയ നിലയിലാണ്. ഒരു മരത്തിന് കേടുപിടിച്ച് മുകൾഭാഗം ഒടിഞ്ഞുവീണു. മ​റ്റു രണ്ടു മരങ്ങളുടെ ഉണക്ക് ബാധിച്ച ശിഖരങ്ങൾ ഏതുസമയവും ഒടിഞ്ഞുവീഴാം. മൂന്നു മരങ്ങളും റോഡിനോട് ചേർന്നാണ് നിൽക്കുന്നത്.

ഞാറള്ളൂർ ബെത്‌ലഹേം സ്‌കൂളിലെ കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയാണിത്. മരംവെട്ടി മാ​റ്റുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും വനംവകുപ്പ് മരങ്ങൾക്ക് കണക്കാക്കിയ അടിസ്ഥാനവില കൂടുതലായതിനാൽ കച്ചവടക്കാർ ടെൻഡർ സമർപ്പിച്ചില്ല.

രണ്ടുപ്രാവശ്യം പൊതുമരാമത്തുവകുപ്പ് ടെൻഡർ നടപടികൾക്ക് തുനിഞ്ഞെങ്കിലും എടുക്കാൻ ആളില്ലാത്തതിനാൽ മാ​റ്റിവച്ചു.

തുടർനടപടികൾക്കുള്ള കാലതാമസം കഴിഞ്ഞുവേണം വീണ്ടും ടെൻഡറിലേക്ക് കടക്കാൻ. അടിയന്തരമായി മരങ്ങൾ മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/225175/dry-trees-on-the-road-are-dangerous)