---
title: "#Kochiairport | കൊച്ചി വിമാനത്താവളത്തിൽ അതിവേഗ ചാർജിങ്‌ സ്‌റ്റേഷൻ"
english_title: "#Fast #charging #station at #Kochi #airport"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218979/fast-charging-station-at-kochi-airport"
published_at: "2024-07-11T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f20151fd7a_kochi.jpg"
keywords: []
---

# #Kochiairport | കൊച്ചി വിമാനത്താവളത്തിൽ അതിവേഗ ചാർജിങ്‌ സ്‌റ്റേഷൻ

> **Lead Summary:** **നെടുമ്പാശേരി :** കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു.

## Article Content

**നെടുമ്പാശേരി :** കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു.

ആഭ്യന്തര- അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിങ് ഏരിയകളിലാണ് ഇവ പ്രവർത്തിക്കുന്നത്. ഓരോ സ്റ്റേഷനുകളിലും 60 കിലോവാട്ട് ഇവിഡിസി ഫാസ്റ്റ് ചാർജറുകളുടെ രണ്ട് യൂണിറ്റുകളുണ്ട്‌. ഈ സ്റ്റേഷനുകളിൽ ഓരോന്നിലും ഒരേസമയം നാല് ഇലക്ട്രിക് വാഹനങ്ങൾവീതം വേഗത്തിൽ ചാർജ് ചെയ്യാം.

രണ്ട് ചാർജിങ് സ്റ്റേഷനുകളിലായി 60 കിലോവാട്ട് ഇവിഡിസി ഫാസ്റ്റ് ചാർജറിന്റെ നാല് യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ചാർജ് മോഡ് എന്ന ചാർജിങ് ആപ് മുഖേനയാണ് വാഹനങ്ങൾ ചാർജ് ചെയ്യേണ്ടതും തുക അടയ്‌ക്കേണ്ടതും.

ഗുണഭോക്താക്കൾക്ക് താൽപ്പര്യമുള്ള പ്ലാനുകളും തെരഞ്ഞെടുക്കാം. സിയാലിലെ ഇവി ഫാസ്റ്റ് ചാർജിങ്‌ സ്റ്റേഷനുകൾ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം വളർത്താനും മികച്ച വിമാനത്താവള അനുഭവം സാധ്യമാക്കുന്നതിനും സഹായകമാകുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.

ബിപിസിഎൽ കമ്പനിയുമായി ചേർന്നുള്ള സംരംഭത്തിന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനും സിയാലിന് പദ്ധതിയുണ്ട്. രാജ്യാന്തര-, ആഭ്യന്തര പാർക്കിങ് സ്റ്റേഷനുകളിൽ ഒരേസമയം 2800 കാറുകൾ പാർക്ക് ചെയ്യാനാകും.

600 കാറുകൾക്കുകൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമാകുന്നു. പാർക്കിങ് സ്ഥലത്തെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നുമാത്രം സിയാലിന് പ്രതിദിനം 20,000 യൂണിറ്റ്‌ വൈദ്യുതി ലഭിക്കും. ഫാസ്റ്റ് ടാഗ് ഉൾപ്പെടെയുള്ള സ്മാർട്ട് പാർക്കിങ് സംവിധാനമാണിവിടെ ഒരുക്കിയിട്ടുള്ളത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218979/fast-charging-station-at-kochi-airport)