---
title: "#SNJunction | എസ്എൻ ജങ്ഷൻ  പാലത്തിൽ ദുരിതയാത്ര ; നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു"
english_title: "#Suffering on #SN #Junction #Bridge; The #locals are #preparing to #protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218731/suffering-on-sn-junction-bridge-the-locals-are-preparing-to-protest"
published_at: "2024-07-10T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668dd119ac622_junction.jpg"
keywords: []
---

# #SNJunction | എസ്എൻ ജങ്ഷൻ  പാലത്തിൽ ദുരിതയാത്ര ; നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

> **Lead Summary:** **തൃപ്പൂണിത്തുറ : **എസ്എൻ ജങ്‌ഷൻ റെയിൽവേ മേൽപ്പാലത്തിലെ നിർമാണ അപാകത പരിഹരിക്കാതെ യാത്രികരെ ദുരിതത്തിലാക്കി റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (ആർബിഡിസികെ).

## Article Content

**തൃപ്പൂണിത്തുറ : **എസ്എൻ ജങ്‌ഷൻ റെയിൽവേ മേൽപ്പാലത്തിലെ നിർമാണ അപാകത പരിഹരിക്കാതെ യാത്രികരെ ദുരിതത്തിലാക്കി റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (ആർബിഡിസികെ).

പാലത്തിന്റെ സ്പാനുകൾ ചേരുന്ന ഭാഗത്തെ ഉയരവ്യത്യാസംമൂലം ഇതുവഴിയുള്ള വാഹനയാത്ര ദുരിതപൂർണമാണ്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത്‌ തൃപ്പൂണിത്തുറ പട്ടണത്തിലും സീപോർട്ട് എയർപോർട്ട് റോഡിലും ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നു.

സ്പാനുകൾക്കിടയിലെ ഉയരവ്യത്യാസംമൂലം രൂപപ്പെട്ട ഗട്ടറിൽവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്‌ പതിവായി. സീപോർട്ട് എയർപോർട്ട്‌ റോഡിലൂടെ ആലുവ ഭാഗത്തേക്കും തിരിച്ച്‌ നഗരത്തിലേക്കും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്.

പാലം ടാർ ചെയ്തപ്പോൾ സ്പാനുകൾക്കിടയിൽ ഉയരവ്യത്യാസം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, പരിഹരിക്കാൻ നടപടിയുമുണ്ടായില്ല. പാലത്തിലെ ടോൾ നിർത്തിയതോടെ അറ്റകുറ്റപ്പണിയിൽ ആർബിഡിസികെയ്‌ക്ക് താൽപ്പര്യമില്ലാതായി.

സ്പാനുകൾ ചേരുന്നഭാഗത്ത് വലിയ കട്ടിങ് രൂപപ്പെട്ടു. ആദ്യമായി ഇതിലെ യാത്ര ചെയ്യുന്നവർ കട്ടിങ് ശ്രദ്ധിക്കാതെ അപകടത്തിൽപ്പെടും. അടുത്ത് എത്തുമ്പോൾമാത്രമാണ് കാണുക. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.

പലപ്പോഴും കട്ടിങ്ങിൽ വീഴുന്ന ഇരുചക്രവാഹനയാത്രികരുടെ പിറകെ വരുന്ന വാഹനം ഇടിച്ച്‌ അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

സമീപത്തെ ചോയ്സ് സ്കൂളിലേക്ക് കുട്ടികളെയുംകൊണ്ട് ബസുകൾ വരികയും പോകുകയും ചെയ്യുന്ന രാവിലെയും വൈകിട്ടും തൃപ്പൂണിത്തുറയും സീപോർട്ട് എയർപോർട്ട്‌ റോഡും ഗതാഗതക്കുരുക്കിൽ വലയും. ടോൾ പിരിവ് അവസാനിപ്പിച്ചശേഷം പാലത്തിൽ യാതൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ലെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.

അപകടഭീഷണിയായ പാലത്തിലെ കട്ടിങ്ങുകൾ എത്രയുംവേഗം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും പ്രദേശവാസികളും വ്യാപാരി സംഘടനകളും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218731/suffering-on-sn-junction-bridge-the-locals-are-preparing-to-protest)