---
title: "#schoolbus | സ്കൂളിന് എംഎൽഎ  നൽകിയ ബസ് കാലപ്പഴക്കം ചെന്നതെന്ന് ആരോപണം"
english_title: "It is #alleged that the #bus #given by the #MLA to the #school is out of #date"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218728/it-is-alleged-that-the-bus-given-by-the-mla-to-the-school-is-out-of-date"
published_at: "2024-07-10T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668dce39893ca_bus.jpg"
keywords: []
---

# #schoolbus | സ്കൂളിന് എംഎൽഎ  നൽകിയ ബസ് കാലപ്പഴക്കം ചെന്നതെന്ന് ആരോപണം

> **Lead Summary:** പെരുമ്പാവൂർ : ഗവ. ഗേൾസ് ഹൈസ്കൂളിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നൽകിയ ബസ് കാലപ്പഴക്കം ചെന്നതെന്ന് ആരോപണം.

## Article Content

പെരുമ്പാവൂർ : ഗവ. ഗേൾസ് ഹൈസ്കൂളിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നൽകിയ ബസ് കാലപ്പഴക്കം ചെന്നതെന്ന് ആരോപണം.

കഴിഞ്ഞ ജൂൺ 22ന് സ്കൂളിന് എംഎൽഎ കൈമാറിയ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പിന്നിലെ ടയറിലെ ഒരു ട്യൂബിൽ നാലുസ്ഥലത്ത് പഞ്ചർ ഒട്ടിച്ചതായി കണ്ടെത്തി.

ബോഡി ഉൾപ്പെടെ പാച്ച് വർക്ക് ചെയ്ത് പെയിന്റടിച്ച നിലയിലാണ്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പുല്ലുവഴിയിലെ മഹീന്ദ്രയുടെ ഷോറൂമിൽ ചെന്നപ്പോൾ ഓയിൽ, ഗ്രീസ് എന്നിവ ഉണ്ടായിരുന്നില്ല.

എംഎൽഎ, മുനിസിപ്പൽ ചെയർമാൻ, ജില്ലാ വിദ്യാഭ്യാസവകുപ്പ്‌ ഡയറക്ടർ എന്നിവരെ അറിയിച്ചശേഷം പിടിഎയുടെ നേതൃത്വത്തിൽ മഹീന്ദ്രയുടെ കാക്കനാടുള്ള ഷോറൂമിലേക്ക് ബസ് തിരികെ നൽകി. കഴിഞ്ഞ ജൂൺ 22ന്‌ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത ബസ്, വിദ്യാർഥികളുമായി യാത്ര ചെയ്യുന്നതിനിടെയാണ് പഞ്ചറായത്.

അത് ശരിയാക്കിയപ്പോൾ ബ്രേക്കില്ലാതെ വഴിയിൽ കിടന്നു. പിന്നീടുള്ള പരിശോധനയിലാണ് സ്‌റ്റെപ്പിനിയായി നൽകിയിരുന്ന ടയർ തുള വീണനിലയിലും വാഹനത്തിന്റെ മുകളിലെ ഷീറ്റ് വെൽഡ് ചെയ്ത് പിടിപ്പിച്ചതായും നിലവാരം കുറഞ്ഞരീതിയിൽ ഡോറുകൾ പിടിപ്പിച്ചതായും കണ്ടത്.

മോട്ടോർ വാഹനവകുപ്പിൽ രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ 2500 കിലോമീറ്റർ ഓടിയതായി കണ്ടെത്തി. ഇത്രയും കിലോമീറ്റർ ആര് ഓടിച്ചുവെന്നത് വ്യക്തമല്ല. ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതിപ്രകാരം എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 24 ലക്ഷം രൂപവരുന്ന 32 സീറ്റുള്ള ബസ്‌, സ്കൂളിന് നൽകിയെന്നാണ്‌ പറയുന്നത്‌.

എന്നാൽ, പഴയ ബസ് പുതുക്കിനൽകിയെന്നാണ് ആരോപണം. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218728/it-is-alleged-that-the-bus-given-by-the-mla-to-the-school-is-out-of-date)