---
title: "#smoketestcertificate | വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് മാഫിയ വ്യാപകം"
english_title: "#Fake #smoke #test #certificate #mafia is #rampant"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218727/fake-smoke-test-certificate-mafia-is-rampant"
published_at: "2024-07-10T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668dcd0a6b3ce_smoke.jpg"
keywords: []
---

# #smoketestcertificate | വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് മാഫിയ വ്യാപകം

> **Lead Summary:** **തൃക്കാക്കര : ** ജില്ലയിൽ വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുനൽകുന്ന അന്തർസംസ്ഥാന മാഫിയ വ്യാപകമാകുന്നതായി മോട്ടോർ വാഹനവകുപ്പ്‌ പരിശോധനയിൽ കണ്ടെത്തി.

## Article Content

**തൃക്കാക്കര : ** ജില്ലയിൽ വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുനൽകുന്ന അന്തർസംസ്ഥാന മാഫിയ വ്യാപകമാകുന്നതായി മോട്ടോർ വാഹനവകുപ്പ്‌ പരിശോധനയിൽ കണ്ടെത്തി.

കഴിഞ്ഞദിവസം എറണാകുളത്ത് നടത്തിയ പരിശോധനയിൽ പരാജയപ്പെട്ട ഇരുചക്രവാഹനത്തിന് നാലുദിവസത്തിനകം ഉത്തർപ്രദേശിൽനിന്ന്‌ പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിച്ചതായി എംവിഐ എ ആർ രാജേഷിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

ജൂലൈ നാലിന് കൊച്ചി പൂക്കാരൻമുക്കിലെ കേന്ദ്രത്തിൽ നടത്തിയ പുകപരിശോധനയിൽ പരാജയപ്പെട്ട ഇരുചക്രവാഹനത്തിനാണ്‌ എട്ടാംതീയതി സർട്ടിഫിക്കറ്റ് കിട്ടിയതായി കണ്ടെത്തിയത്‌. പൂക്കാരൻ മുക്കിലെ കേന്ദ്രത്തിൽനിന്നാണ് സർട്ടിഫിക്കറ്റ് കിട്ടിയതെന്നായിരുന്നു ഉടമയുടെ വാദം.

പുകപരിശോധനയിൽ പരാജയപ്പെട്ട വാഹനം നന്നാക്കാനായി പുല്ലേപ്പടിയിലെ വർക്‌ഷോപ്പിൽ ഏൽപ്പിച്ചിരുന്നു. വർക്‌ഷോപ് ജീവനക്കാരനായ യുപി സ്വദേശി വാഹനനമ്പർ ഫോട്ടോയെടുത്ത് യുപി രാംപുർ ആർടിഒ ഏജന്റായ സുഹൃത്തിന് അയച്ചുനൽകി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകുകയായിരുന്നു.

ചൊവ്വാഴ്ച മോട്ടോർ വാഹനവകുപ്പ് വീണ്ടും നടത്തിയ പരിശോധനയിൽ വാഹനം പരാജയപ്പെട്ടതോടെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.

ഉത്തർപ്രദേശിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണർ യുപി സർക്കാരിനെ അറിയിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

കേരളത്തിലെ പുകപരിശോധനാ കേന്ദ്രത്തിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് മിനുറ്റുകൾക്കകം തമിഴ്നാട്ടിൽനിന്ന് പുകപരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായി എറണാകുളം ആർടിഒ കണ്ടെത്തിയിരുന്നു.

ഈ വിവരം ട്രാൻസ്പോർട്ട് കമീഷണർ തമിഴ്നാട്‌ മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് തമിഴ്നാട്ടിലെ 50 പുകപരിശോധനാകേന്ദ്രങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218727/fake-smoke-test-certificate-mafia-is-rampant)