---
title: "#piravom | ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയവീഥിയിൽ; 51,471 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു "
english_title: "#Block #Model #Agro #Service #Center at #Vijaya #Veethi; 51,471 work days were #created"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217461/block-model-agro-service-center-at-vijaya-veethi-51471-work-days-were-created"
published_at: "2024-07-05T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687843d59b11_piravom.jpg"
keywords: []
---

# #piravom | ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയവീഥിയിൽ; 51,471 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു 

> **Lead Summary:** പിറവം : വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം മൂലം പ്രതിസന്ധിയിലായ കൃഷി മേഖലയിൽ യന്ത്ര സഹായത്തോടെ നൂതന കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിനു തുടക്കമിട്ട ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയക്കുതിപ്പിൽ.

## Article Content

പിറവം : വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം മൂലം പ്രതിസന്ധിയിലായ കൃഷി മേഖലയിൽ യന്ത്ര സഹായത്തോടെ നൂതന കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിനു തുടക്കമിട്ട ബ്ലോക്ക് മാതൃകാ അഗ്രോ സർവീസ് സെന്റർ വിജയക്കുതിപ്പിൽ.

പ്രവർത്തനമാരംഭിച്ചു 10 വർഷം പിന്നിടുമ്പോൾ 8.96 കോടി രൂപയുടെ ബിസിനസാണു കർമസേന ചെയ്തത്. കൃഷിയുമായി ബന്ധപ്പെട്ടു 51,471 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ടെക്നീഷ്യൻമാർക്കു സർ‌വീസ് ചാർജ് ഇനത്തിൽ 2.26 കോടി രൂപയും പെൻഷൻ ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കു 28.54 ലക്ഷം രൂപയും ലഭിച്ചു.

2013 ലാണു കൃഷി വകുപ്പ് മുൻ അസിസ്റ്റന്റ്  ഓഫിസർ വി.സി.മാത്യുവിന്റെ നേതൃത്വത്തിൽ അഗ്രോ സർവീസ് സെന്റർ ആരംഭിച്ചത്.

യന്ത്ര സഹായത്തോടെ നഴ്സറി തയാറാക്കി ഞാറു നടീൽ, തെങ്ങിന്റെ തടം തീർക്കൽ, മണ്ട ശുചീകരണം, കൊയ്ത്ത്, നടീൽ വസ്തുക്കളുടെ ഉൽപാദനം, വിതരണം,തിരിനന, ഫാമിലി ഡ്രിപ്പ് തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇപ്പോൾ സേനാംഗങ്ങളുടെ സേവനം ലഭിക്കും.

6 ഏക്കറോളം തരിശു പാടത്തിൽ തുടർച്ചയായി നെല്ല്, പച്ചക്കറി, എള്ള് കൃഷികൾ ചെയ്യുന്നുണ്ട്.ഇൗ വർഷം മാത്രം വിവിധ പഞ്ചായത്തുകളിലായി 25,150 തെങ്ങുകളുടെ മണ്ട ശുചിയാക്കി മരുന്നുതളി നടത്തി.

കോട്ടയം,ഇടുക്കി ജില്ലകളിലും അഗ്രോ സർവീസ് സെന്റർ അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിലും പശ്ചിമ കൊച്ചിയിലെ പൊക്കാളി പാടങ്ങളിലും യന്ത്ര സഹായത്തോടെ നെൽക്കൃഷി ചെയ്യുന്നുണ്ട്.14 സ്ത്രീകൾ ഉൾപ്പെടെ 18 അംഗ സംഘമാണു കൃഷി ജോലികൾക്കു നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217461/block-model-agro-service-center-at-vijaya-veethi-51471-work-days-were-created)