---
title: "#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ"
english_title: "'Girls who came for #training were #sexually #assaulted'; #Cricket #coach #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217457/girls-who-came-for-training-were-sexually-assaulted-cricket-coach-arrested"
published_at: "2024-07-05T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687811ec2ed0_sexually.jpg"
keywords: []
---

# #sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍.

## Article Content

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍.

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു.

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണംചെയ്‌തെന്നാണ് വിവരം.

തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി.

ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു. മൂന്നാഴ്ച മുന്‍പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതിവന്നത്.

പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി.

ഇതുവരെ ആറ് പെണ്‍കുട്ടികളുടെ പരാതികളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെങ്കാശിയില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയെത്തിയും പോലീസ് അന്വേഷണം നടത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217457/girls-who-came-for-training-were-sexually-assaulted-cricket-coach-arrested)