---
title: "#Avantika | എല്ലാവരെയുംപോലെ എനിക്കുമിനി നിവർന്നുനടക്കാം, ഓടിക്കളിക്കാം ; അവന്തികയുടെ  നട്ടെല്ലിന്റെ വളവ്‌ ശസ്‌ത്രക്രിയയിലൂടെ നീക്കി"
english_title: "I can #walk #straight and run like #everyone else; #Avantika's #spine was #surgically #de-curved"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215907/i-can-walk-straight-and-run-like-everyone-else-avantikas-spine-was-surgically-de-curved"
published_at: "2024-06-29T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f9d581bec7_avasnthika.jpg"
keywords: []
---

# #Avantika | എല്ലാവരെയുംപോലെ എനിക്കുമിനി നിവർന്നുനടക്കാം, ഓടിക്കളിക്കാം ; അവന്തികയുടെ  നട്ടെല്ലിന്റെ വളവ്‌ ശസ്‌ത്രക്രിയയിലൂടെ നീക്കി

> **Lead Summary:** **കൊച്ചി :** ‘എല്ലാവരെയുംപോലെ എനിക്കുമിനി നിവർന്നുനടക്കാം, ഓടിക്കളിക്കാം.’ അവന്തികയുടെ പുഞ്ചിരി മാതാപിതാക്കളുടെ കണ്ണുനനച്ചു.

## Article Content

**കൊച്ചി :** ‘എല്ലാവരെയുംപോലെ എനിക്കുമിനി നിവർന്നുനടക്കാം, ഓടിക്കളിക്കാം.’ അവന്തികയുടെ പുഞ്ചിരി മാതാപിതാക്കളുടെ കണ്ണുനനച്ചു.

നട്ടെല്ലിന്‌ 120 ഡി​ഗ്രി വളവുമായി കഴിഞ്ഞിരുന്ന അരൂക്കുറ്റി തൃച്ചാറ്റുകുളം ‘അവന്തിക’ത്തിൽ ഉണ്ണിക്കൃഷ്‌ണന്റെയും ശ്രീലക്ഷ്‌മിയുടെയും മകളാണ്‌ അവന്തിക കൃഷ്‌ണ. എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ജൂൺ 14ന് നടത്തിയ ശസ്‌ത്രക്രിയയിലാണ്‌ നട്ടെല്ലിന്റെ വളവ്‌ മാറ്റിയത്‌.

തൃച്ചാറ്റുകുളം എൻഎസ്‌എസ്‌ സ്‌കൂളിലെ ഏഴാംക്ലാസ്‌ വിദ്യാർഥിനിയായ അവന്തിക, ആത്മവിശ്വാസത്തോടെ തലയുയർത്തി സ്‌കൂളിൽ പോകാൻ തയ്യാറെടുക്കുകയാണ്‌. നാലുവയസ്സുമുതലാണ്‌ അവന്തികയുടെ നട്ടെല്ലിന്റെ വളവ്‌ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്‌.

വളരുംതോറും ബുദ്ധിമുട്ടുകളും വര്‍ധിച്ചു. ഇഷ്ടപ്പെട്ട ഉടുപ്പിടാനും മറ്റുള്ളവരെപ്പോലെ കളിക്കാനും കുട്ടി പാടുപെട്ടു. ചിലരുടെ കളിയാക്കലുകൾ മനസ്സ്‌ വേദനിപ്പിച്ചു. ഒരുപാട്‌ അന്വേഷണങ്ങൾക്കുശേഷമാണ്‌ മെഡിക്കൽ ട്രസ്റ്റിൽ എത്തിയതെന്ന്‌ ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു.

കൗമാരക്കാരായ പെൺകുട്ടികളിൽ കണ്ടുവരുന്ന സ്‌കോളിയോസിസ്‌ എന്ന രോഗമാണ്‌ കുട്ടിയെ ബാധിച്ചതെന്ന്‌ മെഡിക്കൽ ട്രസ്റ്റിലെ സ്‌പൈൻ സർജറി വിഭാഗം മേധാവി ഡോ. ആർ കൃഷ്‌ണകുമാർ പറഞ്ഞു. കുട്ടിയുടെ ഹൃദയവാൽവിനും നേരത്തേ ശസ്‌ത്രക്രിയ ചെയ്‌തിരുന്നു.

ഹാലോ ഗ്രാവിറ്റി ട്രാക്‌ഷൻ ചികിത്സവഴി നട്ടെല്ലിന്റെ വളവ്‌ നിവർത്തിയതിനുശേഷമാണ്‌ ശസ്ത്രക്രിയ നടത്തിയത്‌. തലയിൽ ഘടിപ്പിക്കുന്ന ലോഹവളയത്തിനൊപ്പം കപ്പിക്കും കയറിനും സമാനമായ സംവിധാനംകൂടി ഉപയോഗിച്ച്‌ തലയും നട്ടെല്ലും മുകളിലേക്ക് വലിക്കുന്ന മാർഗമാണിത്‌.

മെഡിക്കൽ ട്രസ്റ്റ്‌ മാനേജിങ്‌ ഡയറക്ടർ ഡോ. പി വി ലൂയിസ്, ഡോ. എബിൻ എൻ സൈമൺസ്‌ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215907/i-can-walk-straight-and-run-like-everyone-else-avantikas-spine-was-surgically-de-curved)