---
title: "#accident | നിയന്ത്രണംവിട്ട മിനിലോറി അഞ്ച്‌ വാഹനങ്ങളിൽ ഇടിച്ചശേഷം മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ചുകയറി"
english_title: "The #out-of-control #minilorry hit #five #vehicles and #rammed into the #medicalshop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215865/the-out-of-control-minilorry-hit-five-vehicles-and-rammed-into-the-medicalshop"
published_at: "2024-06-29T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f8536ac945_accident.jpg"
keywords: []
---

# #accident | നിയന്ത്രണംവിട്ട മിനിലോറി അഞ്ച്‌ വാഹനങ്ങളിൽ ഇടിച്ചശേഷം മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ചുകയറി

> **Lead Summary:** **കളമശേരി :** കങ്ങരപ്പടിയിൽ നിയന്ത്രണംവിട്ട മിനിലോറി അഞ്ച്‌ വാഹനങ്ങളിൽ ഇടിച്ചശേഷം മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ചുകയറി.

## Article Content

**കളമശേരി :** കങ്ങരപ്പടിയിൽ നിയന്ത്രണംവിട്ട മിനിലോറി അഞ്ച്‌ വാഹനങ്ങളിൽ ഇടിച്ചശേഷം മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ചുകയറി.

ഡ്രൈവറടക്കം രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളി വൈകിട്ട്‌ നാലോടെയാണ്‌ അപകടം. അങ്കമാലിയിൽനിന്ന്‌ കങ്ങരപ്പടിയിലെ എസ്എൻ സ്കൂളിനുസമീപത്തെ മില്ലിലേക്ക് തടിയുമായിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കങ്ങരപ്പടി കവലയ്‌ക്ക് തൊട്ടുമുമ്പ് മില്ലിലേക്ക് കയറുന്ന ഭാഗത്തെത്തിയപ്പോൾ ലോറി നിയന്ത്രണംവിട്ട് മുന്നോട്ട് കുതിച്ച്‌ ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചു.

തുടർന്ന് രണ്ട് കാറിലും രണ്ട് ഓട്ടോറിക്ഷയിലും തട്ടിയശേഷം നവോദയാ റോഡിലെ മീഡിയനിൽക്കയറിയാണ് മെഡിക്കൽ ഷോപ്പിലേക്ക് ഇടിച്ചുകയറിയത്. മെഡിക്കൽ ഷോപ്പിലെ ജീവനക്കാരി ലോറി വരുന്നതുകണ്ട് ഓടിമാറി. മെഡിക്കൽ ഷാേപ്പിലെ അലമാരകൾ തകർന്നു.

സ്കൂട്ടർ പൂർണമായി തകർന്നു. സ്കൂട്ടർ യാത്രിക ആബിദക്ക് (47) കാലിനും ഡ്രൈവർ കുറുമശേരി സ്വദേശി അനിൽ കുമാറിന് (62) തലയ്‌ക്കും പരിക്കുണ്ട്. ഇരുവരും എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215865/the-out-of-control-minilorry-hit-five-vehicles-and-rammed-into-the-medicalshop)