---
title: "#കഥ; തീവണ്ടി കാത്തിരുന്നയാൾ"
english_title: "story theevandi kathirunnayal "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215475/story-theevandi-kathirunnayal"
published_at: "2024-06-27T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d6c2fa1725_kadha2.jpg"
keywords: []
---

# #കഥ; തീവണ്ടി കാത്തിരുന്നയാൾ

> **Lead Summary:** **കഥ..** തീവണ്ടി കാത്തിരുന്നയാൾ

## Article Content

**കഥ..** തീവണ്ടി കാത്തിരുന്നയാൾ

ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള തീവണ്ടിയിൽ യാത്ര പോകാൻ , കഴിഞ്ഞ ഒരാഴ്ചയായി അയാൾ ഈ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നു.തെക്കു നിന്നും ചൂളം വിളിച്ച് എത്തുന്ന തീവണ്ടികളിലെ തിരക്കു കാണുമ്പോൾ അയാൾ പിൻതിരിഞ്ഞ് അടുത്ത വണ്ടിയുടെ വരവും കാത്തിരിക്കും - ആൾക്കൂട്ടത്തെ ഭയക്കുന്നതായും വെറുക്കുന്നതായും അയാളുടെ ഭാവങ്ങളിൽ കൂടി നമുക്കു് വ്യക്തമാകും ഒരു തുണി സഞ്ചി മാറോടു ചേർത്തു പിടിച്ച് അടുത്ത വണ്ടിയും പ്രതീക്ഷിച്ചു് റെയിൽവേ സ്റ്റേഷനിലെ സിമൻ്റു ബഞ്ചിൽ ചടഞ്ഞുകൂടുന്ന അയാളെ അലോസരപ്പെടുത്തുന്നത് ഇടയ്ക്കിടെ പെയ്യുന്ന മഴമാത്രമാണ് -

ഏതെങ്കിലും മാർഗ്ഗത്തിൽ ഡെൽഹിയിലെത്തിച്ചേർന്നാൽ എല്ലാ കഷ്ടപ്പാടുകളും മാറുമെന്ന് ആരോ പറഞ്ഞു കൊടുത്തതു വിശ്വസിച്ചിരിക്കുകയാണ് പാവം. ഡെൽഹിയാണ് ഇന്ത്യയുടെ തലസ്ഥാനമെന്ന അറിവു് അയാൾക്കു് ഈയിടെയാണു ലഭിച്ചത് - ഇത്തരം കാര്യങ്ങൾ പോലുംതനിയ്ക്കറിയാതെ പോയതിൽ ഇപ്പോൾവളരെ ദുഃഖിതനാണ്. റെയിൽവേ സ്റ്റേഷനിൽ വന്നു പോകുന്നയാത്രക്കാരുടെ തിടുക്കം കാണുമ്പോൾ അയാൾക്കു് അവരോടു വെറുപ്പു തോന്നും. കഴിഞ്ഞ ദിവസങ്ങളിലൊന്നും കാര്യമായഭക്ഷണം അയാൾ കഴിച്ചില്ല. ദിവസം കഴിയുന്തോറും യാത്ര പോകാനുള്ള താല്പര്യം കുറഞ്ഞു വരുന്നതായി അയാൾക്കു തോന്നി. താൻ നാടുവിട്ടാൽ തൻ്റെ ഗ്രാമം അനാഥമാകുമെന്നൊരു തോന്നൽ അയാളെ വേദനിപ്പിച്ചു. വീണ്ടും വലിയ മഴ പെയ്യാൻ സാദ്ധ്യതയുണ്ടു്- സന്ധ്യ കനത്തു വന്നതോടുകൂടി റെയിൽവേ സ്റ്റേഷനിലെ ലൈറ്റുകളെല്ലാം തെളിഞ്ഞു. നിമിഷ നേരം കൊണ്ട് മഴ തിമിർത്തു പെയ്യാൻ തുടങ്ങി - പല തീവണ്ടികൾ സ്റ്റേഷനിൽ വന്നു പോകുന്നതു് അയാൾ വെറുതെ നോക്കിയിരുന്നു. രാത്രി കനത്തതോടെ തീവണ്ടിയാഫീസിലെ തിരക്കുകുറഞ്ഞു വന്നു... പല ചിന്തകളാൽ മനസ്സു കലുഷമെങ്കിലുംഇനി വരുന്ന തീവണ്ടിയിൽ ഡെൽഹിയ്ക്കു പോകാനയാൾ തീർച്ചപ്പെടുത്തി - മഴ ശമിയ്ക്കുന്ന ലക്ഷണമില്ല. അല്പനേരം കഴിഞ്ഞപ്പോൾ അങ്ങു ദൂരെ തീവണ്ടിയുടെ ചൂളംവിളി കേട്ടു . ശക്തമായിപ്പെയ്യുന്ന മഴത്തുള്ളികളെ കീറിമുറിച്ച് തെക്കു നിന്നും വരുന്ന തീവണ്ടിയുടെ പ്രകാശം അടുത്തു വരുന്നതയാൾ കണ്ടു - പെട്ടെന്ന് തുണി സഞ്ചി ഒതുക്കിപ്പിടിച്ച് യാത്രയ്ക്കു തയ്യാറായി. അതു വരെയുണ്ടായിരുന്ന ആലസ്യം പോയ് മറഞ്ഞു - ഡെൽഹിയിൽ നിന്നും ലഭിയ്ക്കാവുന്ന നേട്ടങ്ങളെയോർത്ത് അയാൾ ഉന്മത്തനായി -

തീവണ്ടി സ്റ്റേഷനിൽ ഞരങ്ങി നിന്നു - ഇറങ്ങി വരുന്ന ആളുകളുടെ ആരവം അയാളെ അസ്വസ്ഥനാക്കിയെങ്കിലും യാത്ര പോകാനാരും തിരക്കുണ്ടാക്കാത്തതിൽ സന്തോഷവാനായിരുന്നു - നിമിഷ നേരം കൊണ്ട് റെയിൽവേ സ്റ്റേഷൻ ശൂന്യമായി. അയാൾ പതുക്കെ തീവണ്ടിയിൽ കയറി ഇരിപ്പുറപ്പിച്ചു.കുറെ നേരമായിട്ടും മറ്റു യാത്രക്കാരെ കാണാത്തതിനാൽ പുറത്തിറങ്ങി - താനിരിയ്ക്കാറുള്ള സിമൻറുബഞ്ചിൽ വിശ്രമിയ്ക്കാനൊരുങ്ങുന്ന പോർട്ടറോട് ട്രെയിൻ എപ്പോഴാണ് പോകുന്നതെന്നു തിരക്കി- ഈ വണ്ടി ഇവിടെ യാത്ര അവസാനിയ്ക്കുന്നതാണെന്നുള്ള മറുപടിയും പോർട്ടറുടെ പരിഹാസത്തിലുള്ള നോട്ടവും അയാളെ വേദനിപ്പിച്ചു. താനെപ്പോഴുമൊരു പരാജയമാണെന്നയാൾ തിരിച്ചറിഞ്ഞു - ഭാഗ്യം തേടിയുള്ള യാത്രയ്ക്കു് ഇനിയും താനില്ലെന്നു ശപഥം ചെയ്തു. തുണി സഞ്ചി പോലുമെടുക്കാതെ തീവണ്ടിയാപ്പീസിനു വെളിയിലിറങ്ങി മഴയും നനഞ്ഞ് ഇരുട്ടിലേക്ക് അയാൾ നടന്നു മറഞ്ഞപ്പോൾ അങ്ങകലെ തെരുവുനായ്ക്കൾ നിർത്താതെ ഓലിയിടുന്നുണ്ടായിരുന്നു ...

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215475/story-theevandi-kathirunnayal)