---
title: "#heavyrain | കനത്ത മഴ ; മുടക്കുഴയിൽ  മണ്ണിടിഞ്ഞ്‌ വൻ നാശം"
english_title: "#heavy #rain #Massive #damage #due to #landslides"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215293/heavy-rain-massive-damage-due-to-landslides"
published_at: "2024-06-27T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cedc9972f2_soil.jpg"
keywords: []
---

# #heavyrain | കനത്ത മഴ ; മുടക്കുഴയിൽ  മണ്ണിടിഞ്ഞ്‌ വൻ നാശം

> **Lead Summary:** പെരുമ്പാവൂർ : കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ മുടക്കുഴ പഞ്ചായത്ത് ഇളമ്പകപ്പിള്ളി മില്ലുംപടിയിൽ മണ്ണിടിഞ്ഞ് വൻ നാശം.

## Article Content

പെരുമ്പാവൂർ : കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ മുടക്കുഴ പഞ്ചായത്ത് ഇളമ്പകപ്പിള്ളി മില്ലുംപടിയിൽ മണ്ണിടിഞ്ഞ് വൻ നാശം.

കണിച്ചുപറമ്പുവീട്ടിൽ സജീവന്റെയും പൊന്നപ്പന്റെയും വീട്ടുവളപ്പിലെ മണ്ണിടിഞ്ഞ്‌ തെങ്ങുകളും വൈദ്യുതത്തൂണുകളും നിലംപതിച്ചു. 20 അടി താഴ്ചയിലേക്ക്‌ മണ്ണിടിഞ്ഞുതാഴ്‌ന്നു. ഇരുവരുടെയും വീടുകൾ അപകടഭീഷണിയിലാണ്.

10 വീടുകളിലേക്കുള്ള വൈദ്യുതിബന്ധം നിലച്ചു. മണ്ണിടിഞ്ഞ കുന്നിനുതാഴെ താമസിക്കുന്ന കണിച്ചുപറമ്പ് ഗോപാലന്റെയും കുമാരിയുടെയും വീട്ടിലേക്ക്‌ വീഴാവുന്നതരത്തിൽ വലിയ പാറ ഭീഷണിയായി നിൽക്കുന്നുണ്ട്‌. 2018ലെ കനത്ത മഴയിലും പ്രദേശത്ത്‌ മണ്ണിടിഞ്ഞിരുന്നു.

കഴിഞ്ഞവർഷത്തെ മണ്ണിടിച്ചിലിൽ കലക്ടറേറ്റിൽനിന്ന്‌ മൈനിങ്‌ ജിയോളജിവകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിലുള്ള നടപടികൾ നടന്നുവരുന്നതായി സ്ഥലം സന്ദർശിച്ച തഹസിൽദാർ ജെ താജുദീൻ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ വി ബിജു എന്നിവർ സംഭവസ്ഥലത്തെത്തി. വേങ്ങൂർ മേക്കപ്പാല വാർഡിൽ മരം മറിഞ്ഞുവീണ് വെള്ളാർപിള്ളി വീട്ടിൽ കുമാരന്റെ ഓടിട്ട വീടിനുമുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215293/heavy-rain-massive-damage-due-to-landslides)