---
title: "#bridge | കരിപ്പായിക്കടവ്–പഴമ്പിള്ളിത്തുരുത്ത് പാലം ;  മണ്ണുപരിശോധന തുടങ്ങി"
english_title: "#Karipaikkadav-#Pazhampilithurut #bridge ; Soil #testing has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213073/karipaikkadav-pazhampilithurut-bridge-soil-testing-has-started"
published_at: "2024-06-19T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66723f5472bee_bridge.jpg"
keywords: []
---

# #bridge | കരിപ്പായിക്കടവ്–പഴമ്പിള്ളിത്തുരുത്ത് പാലം ;  മണ്ണുപരിശോധന തുടങ്ങി

> **Lead Summary:** **പറവൂർ : ** ചേന്ദമംഗലം പഞ്ചായത്തിലെ കരിപ്പായിക്കടവ്–--പഴമ്പിള്ളിത്തുരുത്ത് സമാന്തരപാലത്തിന്റെ മണ്ണുപരിശോധന തുടങ്ങി.

## Article Content

**പറവൂർ : ** ചേന്ദമംഗലം പഞ്ചായത്തിലെ കരിപ്പായിക്കടവ്–--പഴമ്പിള്ളിത്തുരുത്ത് സമാന്തരപാലത്തിന്റെ മണ്ണുപരിശോധന തുടങ്ങി.

2004ൽ നിർമിച്ച പാലത്തിന് വീതി കുറവായതിനാൽ വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പ്രത്യേക നടപ്പാതയുമില്ല.

ആദ്യം പഴമ്പിള്ളിത്തുരുത്തിലേക്കുള്ള ഗതാഗതംമാത്രമാണ്‌ ഉണ്ടായിരുന്നതെങ്കിലും തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന സ്റ്റേഷൻകടവ് പാലം തുറന്നതോടെ കരിപ്പായിക്കടവ് വലിയ പഴമ്പിള്ളിത്തുരുത്ത് പാലത്തിലെ കുരുക്ക് രൂക്ഷമായി.

ഇതോടെയാണ് സമാന്തരപാലം എന്ന ആവശ്യം ശക്തമായത്. കുറച്ചുനാൾ മുമ്പ് സർക്കാർ ആവശ്യം അംഗീകരിച്ചതോടെ പുതിയ പാലം നിർമാണത്തിനുള്ള റോഡിന്റെ രൂപരേഖയ്‌ക്ക് ധാരണയായി.

നിലവിലെ പാലത്തിന്റെ പടിഞ്ഞാറുവശത്ത് പാലത്തിനോട് ചേർന്ന് പത്തു മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ പാലവും മൂന്നു മീറ്റർ വീതിയിൽ സർവീസ് റോഡും ഉണ്ടാകും.

പുതിയ പാലത്തിനും അപ്രോച്ച് റോഡിനും പൊതുമരാമത്ത് റോഡ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കും. ഇതിനുമുമ്പായാണ് മണ്ണുപരിശോധന തുടങ്ങിയത്. റോഡിന്റെ വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെന്ന് ചേന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്തുവകുപ്പ് നിരത്ത്‌ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ആർ പ്രേംജി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213073/karipaikkadav-pazhampilithurut-bridge-soil-testing-has-started)