---
title: "#Chenganchira | ചെങ്ങൻചിറയിൽ  മത്സ്യഗവേഷണകേന്ദ്രം ഉടൻ"
english_title: "#Chenganchira #Fisheries #Research #Center #soon"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212279/chenganchira-fisheries-research-center-soon"
published_at: "2024-06-15T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d141bbf7bb_enter.jpg"
keywords: []
---

# #Chenganchira | ചെങ്ങൻചിറയിൽ  മത്സ്യഗവേഷണകേന്ദ്രം ഉടൻ

> **Lead Summary:** **പെരുമ്പാവൂർ : ** രായമംഗലം പഞ്ചായത്തിലെ ചെങ്ങൻചിറ ജലാശയത്തിൽ മത്സ്യഗവേഷണകേന്ദ്രവും മീൻ വളർത്തുന്നതിനുള്ള പരിശീലനകേന്ദ്രവും തുടങ്ങുന്നതിനുള്ള നടപടി തുടങ്ങി.

## Article Content

**പെരുമ്പാവൂർ : ** രായമംഗലം പഞ്ചായത്തിലെ ചെങ്ങൻചിറ ജലാശയത്തിൽ മത്സ്യഗവേഷണകേന്ദ്രവും മീൻ വളർത്തുന്നതിനുള്ള പരിശീലനകേന്ദ്രവും തുടങ്ങുന്നതിനുള്ള നടപടി തുടങ്ങി.

ജൂലൈയിൽ പദ്ധതി തുടങ്ങും. കേന്ദ്ര മത്സ്യ ഹാച്ചറിയും ട്രെയിനിങ് സെന്ററും ആരംഭിക്കുന്നതിന് രായമംഗലം പഞ്ചായത്തുമായി ധാരണപത്രം കഴിഞ്ഞദിവസം ഒപ്പിട്ടു.

കൊച്ചിയിൽവച്ച് പഞ്ചായത്ത് പ്രതിനിധികളും നാഷണൽ ബ്യൂറോ ഓഫ് ജെനറ്റിക് റിസോഴ്സും ധാരണപത്രം ഒപ്പിട്ടു. നാഷണൽ ബ്യൂറോ ഓഫ് ജെനറ്റിക് റിസോഴ്സ് സെന്ററിന്റെ ഭാഗമായ പെനിൻസുലാർ അക്വാട്ടിക് ജെനറ്റിക് റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെയാണ് 16–--ാംവാർഡ് ചെങ്ങൻചിറയിൽ മത്സ്യ ഹാച്ചറിയും കർഷകർക്കുള്ള ട്രെയിനിങ് സെന്ററും തുടങ്ങുന്നത്.

പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലവും രണ്ട് ഏക്കർ വരുന്ന ചെങ്ങൻചിറ ജലാശയവുമാണ് പദ്ധതിക്കുവേണ്ടി വിട്ടുനൽകുന്നത്. ലാബ്, ട്രെയിനിങ് സെന്റർ, മീൻകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കൽ, മീൻവളർത്തൽ ഉൾപ്പെടെ തുടങ്ങും.

ആദ്യഘട്ടത്തിൽ ജലാശയത്തിൽ വരാൽ, മുഴി, കാരി, മഞ്ഞക്കൂരി എന്നിവയെ വളർത്തിവിൽക്കും. പത്തുലക്ഷം രൂപയോളം ഉപയോഗിച്ച് ഷെഡ്, മൂന്നു ടാങ്ക് എന്നിവയുടെ നിർമാണം പൂർത്തിയാക്കി. പത്തുപേരടങ്ങുന്ന കർഷകഗ്രൂപ്പിനാണ് ആദ്യം പരിശീലനം നൽകുന്നത്.

പദ്ധതിയിൽ പഞ്ചായത്തിലെ എല്ലാ മീൻകർഷകർക്കും പ്രയോജനം ലഭിക്കും. മീൻകുഞ്ഞുങ്ങൾ, തീറ്റ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി മീൻകർഷകർക്ക് നൽകും.

പ്രസിഡന്റ് എൻ പി അജയകുമാർ, സെക്രട്ടറി ബി സുധീർ, സീനിയർ ക്ലർക്ക് രതീഷ് രവീന്ദ്രൻ, നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സ് ഡയറക്ടർ ഡോ. യു കെ സർക്കാർ, ഡോ. ടി ടി അജിത് കുമാർ, ഡോ. വി എസ് ബഷീർ, ഡോ. പി ആർ ദിവ്യ, ഡോ. കതിർവേൽ പാണ്ഡ്യൻ, ഡോ. ചരൺ രവി, ഡോ. അരുൺ സുധാകർ എന്നിവരാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212279/chenganchira-fisheries-research-center-soon)