---
title: "#arrest | സിബിൻ കൊല്ലപ്പെട്ടത്‌ കത്രികകൊണ്ട്‌ കുത്തേറ്റ്‌ ; ഭാര്യ അറസ്‌റ്റിൽ"
english_title: "#Sibin was #killed by being #stabbed with #scissors; His #wife is under #arrest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211803/sibin-was-killed-by-being-stabbed-with-scissors-his-wife-is-under-arrest"
published_at: "2024-06-13T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a6f746c55d_arrest.jpg"
keywords: []
---

# #arrest | സിബിൻ കൊല്ലപ്പെട്ടത്‌ കത്രികകൊണ്ട്‌ കുത്തേറ്റ്‌ ; ഭാര്യ അറസ്‌റ്റിൽ

> **Lead Summary:** **വടക്കേക്കര :** കത്രിക വയറിൽ കുത്തിക്കയറി യുവാവ്‌ മരിച്ച കേസിൽ നാടകീയ വഴിത്തിരിവ്‌. ഭാര്യ രമണി കത്രികയ്‌ക്ക്‌ കുത്തിയതിനെത്തുടർന്നാണ്‌ വടക്കേക്കര കുഞ്ഞിത്തൈ നികത്തിൽ സിബിൻ മരിച്ചതെന്ന്‌ വ്യക്തമായി.

## Article Content

**വടക്കേക്കര :** കത്രിക വയറിൽ കുത്തിക്കയറി യുവാവ്‌ മരിച്ച കേസിൽ നാടകീയ വഴിത്തിരിവ്‌. ഭാര്യ രമണി കത്രികയ്‌ക്ക്‌ കുത്തിയതിനെത്തുടർന്നാണ്‌ വടക്കേക്കര കുഞ്ഞിത്തൈ നികത്തിൽ സിബിൻ മരിച്ചതെന്ന്‌ വ്യക്തമായി.

രമണിയെ വടക്കേക്കര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മെയ്‌ രണ്ടിനാണ്‌ സിബിന്റെ വയറ്റിൽ കത്രിക കുത്തിക്കയറിയത്‌. വഴക്കിനിടെ സിബിൻ കത്രിക മുകളിലേക്ക് എറിഞ്ഞപ്പോൾ ഭിത്തിയിൽ തട്ടി വയറ്റിൽ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോടും പൊലീസിനോടും നേരത്തേ പറഞ്ഞിരുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്‌ടറോട് സിബിനും ഇതുതന്നെയാണ്‌ പറഞ്ഞിരുന്നത്‌. സിബിന്റെ ശരീരത്തിലെ മുറിവ്‌ കത്രിക ഭിത്തിയിൽ തട്ടി വയറ്റിൽ കുത്തിക്കയറുമ്പോൾ ഉണ്ടാകുന്ന വിധത്തിലുള്ളതല്ലെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രമണിയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ വസ്‌തുത പുറത്തുവന്നത്‌. ഇരുവരും തമ്മിൽ വഴക്കുണ്ടായപ്പോൾ സിബിൻ കത്രിക എടുത്ത് രമണിയെ ആക്രമിക്കാനൊരുങ്ങി. മുറിയിൽ കയറി വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സിബിൻ തള്ളിത്തുറന്നു.

അപ്പോൾ പ്രാണരക്ഷാർഥം കത്രിക പിടിച്ചുവാങ്ങി കുത്തിയതെന്നാണ്‌ രമണിയുടെ മൊഴി. സിബിൻ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 31നായിരുന്നു മരണം.

ഇവർക്ക് സ്‌കൂൾ വിദ്യാർഥികളായ രണ്ട് മക്കളുണ്ട്. രമണിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്‌ കാണിച്ച്‌ സിബിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.

വഴക്കിനിടെ സ്വയരക്ഷയ്‌ക്ക്‌ ചെയ്തതാണെന്ന രമണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടില്ല.

പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശിയായ സിബിനും കുടുംബവും കുഞ്ഞിത്തൈയിൽ വാടകയ്‌ക്കാണ് താമസിച്ചിരുന്നത്. ഇവരുടേത്‌ പ്രണയവിവാഹമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211803/sibin-was-killed-by-being-stabbed-with-scissors-his-wife-is-under-arrest)