---
title: "#dogsquad | റൂറൽ ജില്ലയ്ക്ക്‌ കാവലും കരുത്തുമായി ആറംഗ ഡോഗ് സ്ക്വാഡ്"
english_title: "#Six-member #dog #squad to #guard and #strengthen the #rural #district"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211584/six-member-dog-squad-to-guard-and-strengthen-the-rural-district"
published_at: "2024-06-12T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66692a40e4937_dog.jpg"
keywords: []
---

# #dogsquad | റൂറൽ ജില്ലയ്ക്ക്‌ കാവലും കരുത്തുമായി ആറംഗ ഡോഗ് സ്ക്വാഡ്

> **Lead Summary:** **ആലുവ :** കുറ്റാന്വേഷണത്തിൽ റൂറൽ ജില്ലയ്ക്ക്‌ കാവലും കരുത്തുമായി ആറംഗ ഡോഗ് സ്ക്വാഡ്.

## Article Content

**ആലുവ :** കുറ്റാന്വേഷണത്തിൽ റൂറൽ ജില്ലയ്ക്ക്‌ കാവലും കരുത്തുമായി ആറംഗ ഡോഗ് സ്ക്വാഡ്.

ലാബ് ഇനത്തിൽപ്പെട്ട ജാമി, മിസ്റ്റി, ബീഗിൾ വംശജ ബെർട്ടി, ബെൽജിയം മാൽ നോയ്സായ മാർലി, അർജുൻ, ജർമൻ ഷെപ്പേഡായ ടിൽഡ എന്നീ പൊലീസ് നായകളാണ് റൂറൽ ജില്ലയിലെ ഡോഗ് സ്ക്വാഡിന് കരുത്തുപകരുന്നത്.

എട്ടു വയസ്സുള്ള ജാമിയും നാലു വയസ്സുള്ള ബെർട്ടിയും, മൂന്നരവയസ്സുള്ള അർജുനും സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കാൻ വിദഗ്‌ധരാണ്. ആറു വയസ്സുള്ള മിസ്റ്റിക്ക് മയക്കുമരുന്ന്‌ വസ്തുക്കൾ കണ്ടുപിടിക്കാനാണ് വൈദഗ്‌ധ്യം.

നാലു വയസ്സുള്ള മാർലിയും ഒന്നരവയസ്സുള്ള ടിൽഡയും പിന്തുടർന്ന്‌ പിടിക്കാൻ മിടുക്കരാണ്‌. നിരവധി കേസുകളുടെ അന്വേഷണത്തിന് തുണയാണ് ഈ പൊലീസ് നായകൾ. റെയിൽവേ സ്റ്റേഷനിലും മറ്റും മയക്കുമരുന്ന് കണ്ടുപിടിക്കാനും പരിശോധനകൾക്കും നിർണായക സ്വാധീനം ചെലുത്തിയവരാണ് ഇവർ.

> കൊലപാതകമുൾപ്പെടെയുള്ള കേസുകൾക്ക് തുമ്പുണ്ടാക്കാനും "കെ9' സംഘം മുമ്പിലുണ്ട്. കളമശേരി ഡിഎച്ച്ക്യു ആസ്ഥാനത്ത് രാവിലെ 6.45 മുതൽ എട്ടുവരെയാണ് ഇവർക്ക് പരിശീലനം. തുടർന്ന് അരമണിക്കൂർ ഗ്രൂമിങ്‌. ശേഷം ഡ്യൂട്ടിയിൽ പ്രവേശിക്കും.

ഡോഗ് സ്ക്വാഡിന് പ്രത്യേക ഭക്ഷണവും താമസ സൗകര്യവുമുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് വാങ്ങിയത്. ജാമി ഹരിയാനയിൽ പരിശീലനം പൂർത്തിയാക്കിയാണ്‌ റൂറൽ ടീമിനൊപ്പം ചേർന്നത്.

ബാക്കിയുള്ളവരുടെ ഒമ്പതുമാസത്തെ പരിശീലനം തൃശൂർ കേരള പൊലീസ് അക്കാദമിയിലായിരുന്നു. സബ് ഇൻസ്പെക്ടർ മോഹൻ കുമാർ, എഎസ്ഐ വി കെ സിൽജൻ, സീനിയർ സിപിഒമാരായ വില്യംസ് വർഗീസ്, പ്രഭീഷ് ശങ്കർ എന്നിവർ ഉൾപ്പെടെ 12 പേരാണ് ഹാൻഡൽമാർ. റൂറൽ ജില്ലയ്ക്ക് കാവലും സുരക്ഷിതത്വവും ഒരുക്കുകയാണ് ഈ ആറംഗ ഡോഗ് സ്ക്വാഡ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211584/six-member-dog-squad-to-guard-and-strengthen-the-rural-district)